ബാർകോഴ വിവാദത്തിൽ മലക്കംമറിഞ്ഞ് അനിമോൻ

തിരുവനന്തപുരം:
ബാര്‍ കോഴ വിവാദത്തിൽ മലക്കം മറിഞ്ഞ് ബാർ ഉടമകളുടെ സംഘടന, ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിമോൻ. പണം പിരിക്കാൻ ആവശ്യപ്പെട്ടത് സംഘടനയ്ക്ക് കെട്ടിടം വാങ്ങാനെന്നാണ് അനിമോന്റെ പുതിയ വിശദീകരണം. സംഘടനയിലെ അംഗങ്ങളോട് എന്ന ആമുഖത്തിൽ തുടങ്ങുന്ന ദീര്‍ഘമായ വാട്സ് ആപ്പ് സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. സന്ദേശത്തിൽ ഓഡിയോ തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ അനിമോൻ ഖേദം പ്രകടിപ്പിച്ചു.
കെട്ടിടവും സ്ഥലവും വാങ്ങിക്കാനുള്ള പണപ്പിരിവിനാണ് നിര്‍ദേശം നല്‍കിയത്. എക്സിക്യൂട്ടീവ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് തന്നെ കുറ്റപ്പെടുത്തി സംസാരിച്ചു. ബില്‍ഡിങ് ഫണ്ടില്‍ ഇടുക്കി ജില്ല സഹകരിക്കുന്നില്ല എന്നായിരുന്നു കുറ്റപ്പെടുത്തല്‍. സസ്പെന്റ് ചെയ്തെന്നു പറഞ്ഞപ്പോള്‍ ഇറങ്ങി പോയി. ആ സമയത്തെ മാനസികാവസ്ഥയില്‍ ഇട്ട ശബ്ദ സന്ദേശമെന്നും ഈ ഓഡിയോ എല്‍ഡിഎഫിനും, സര്‍ക്കാരിനും എതിരെ ആരോപണത്തിന് ഇടയാക്കിയെന്നും അനിമോന് പ്രതികരിച്ചു.