കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

 കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കാന്‍സര്‍ രോഗബാധിതയായി ലിസി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ ആണ് പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയില്‍ തന്നെ സ്റ്റേജ് 4 കാന്‍സര്‍ ആണ് കണ്ടെത്തിയത്. സെപ്തംബര്‍ 3 ന് തുടര്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. സംസ്‌കാരം നാളെ വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍. രാവിലെ 9 മതുല്‍ 12 വരെ കളമശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം.

ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന പൊന്നമ്മ ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1965ല്‍ കുടുംബിനി എന്ന ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായെത്തിയ നടിക്ക് പിന്നീട് മലയാള സിനിമയിലുടനീളം അമ്മ മുഖമായിരുന്നു. പ്രേം നസീര്‍ മുതല്‍ പുതുതലമുറ നടന്‍മാരുടേതുള്‍പ്പെടെ അമ്മയായി വേഷമിട്ടിട്ടുണ്ട്.

14 വയസ് മുതല്‍ 79 വയസ് വരെ നീളുന്ന അസാധ്യമായ കലാസപര്യയ്ക്കാണ് കവിയൂര്‍ പൊന്നമ്മ വിട പറയുമ്പോള്‍ തിരശീല വീഴുന്നത്. പതിനാലാമത്തെ വയസ്സില്‍ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആര്‍ട്ട്‌സിന്റെ നാടകങ്ങളില്‍ ഗായികയായാണ് കലാരംഗത്തു വരുന്നത്. കെ പി എ സിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയില്‍ ആണ് ആദ്യമായി കാമറക്കു മുമ്പില്‍ എത്തുന്നത്. നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നേടി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News