മദ്രസകൾ നിർത്തലാക്കണം, ബോർഡുകൾ പിരിച്ചുവിടണം; നിർദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ

ഡൽഹി:
രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടണമെന്നും, മദ്രസകൾക്കും ബോർഡുകൾക്കും സംസ്ഥാനം നൽകുന്ന ധനസഹായം നിർത്തലാക്കണമെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദേശം നൽകി. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് എഴുതിയ കത്തിലാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
‘2009 ലെ ആർടിഇ ആക്റ്റ് പ്രകാരം, മദ്രസകളില്‍ പഠിക്കുന്ന മുസ്ലിം സമുദായത്തിനു പുറത്തുള്ള വിദ്യാർത്ഥികളെ സാധാരണ സ്കൂളുകളിലേക്ക് മാറ്റണം. മദ്രസകളിൽ പഠിക്കുന്ന, മുസ്ലീം സമുദായത്തിൽ നിന്നുള്ള കുട്ടികളെ, മദ്രസ അംഗീകൃതമാണെങ്കിൽ പോലും സാധാരണ സ്കൂളുകളിലേക്കു മാറ്റണം’, ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയര്‍പേഴ്സൺ പ്രിയങ്ക് കനൂന്ഗോ കത്തിൽ വ്യക്തമാക്കി.
നിയമത്തിൽ നിന്ന് മതസ്ഥാപനങ്ങളെ ഒഴിവാക്കിയത് ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് മതസ്ഥാപനങ്ങളിൽ മാത്രം പഠിക്കുന്ന കുട്ടികളെ ഒഴിവാക്കുന്നതിലേക്ക് നയിച്ചുവെന്നും, പ്രിയങ്ക് കത്തിൽ ചൂണ്ടിക്കാട്ടി. ‘കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ vs മദ്രസകൾ’ എന്ന തലക്കെട്ടിൽ കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ടും കത്തിനൊപ്പം അയച്ചിട്ടുണ്ട്.
