വിനോദയാത്രപോയ സംഘത്തിലെ 4 വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ചു

ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ കടലിലിറങ്ങിയ 7 വിദ്യാർഥിനികൾ മുങ്ങിത്താഴുകയായിരുന്നു.6 അധ്യാപകർ അറസ്റ്റിൽ
ബെംഗളൂരു: സ്കൂളിൽ നിന്ന് വിനോദയാത്രപോയ സംഘത്തിലെ 4 വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ചു. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക (എല്ലാവർക്കും 15 വയസ്സ്) എന്നിവരാണ് മരിച്ചത്. ഉത്തരകന്നഡ മുരുഡേശ്വറിലെ കടലിലാണ് ഇവർ മുങ്ങി മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് 5.30നാണ് 46 വിദ്യാർഥികളുടെ സംഘം അധ്യാപകർക്കൊപ്പം മുരുഡേശ്വറിൽ എത്തിയത്. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പു വകവയ്ക്കാതെ കടലിലിറങ്ങിയ 7 വിദ്യാർഥിനികൾ മുങ്ങിത്താഴുകയായിരുന്നു. ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടും ബാക്കി 3 പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെയുമാണ് ലഭിച്ചത്. മറ്റ് 3 പേരെ ലൈഫ് ഗാർഡും പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്നു സുരക്ഷിതമായി കരയ്ക്കെത്തിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.