‘നെഹ്റു സ്വന്തം നേട്ടത്തിന് ഭരണഘടന അട്ടിമറിച്ചു’ : നരേന്ദ്ര മോദി

‘കോൺഗ്രസിൻ്റെ ഒരു കുടുംബം ഭരണഘടനയെ തകർത്തു. ഞാൻ ഒരു കുടുംബത്തെ പരാമർശിക്കുന്നു, കാരണം 75 വർഷത്തിൽ ഒരു കുടുംബം മാത്രമേ 55 വർഷമായി ഭരിച്ചിരുന്നുള്ളൂ. കുടുംബത്തിൻ്റെ മോശം ചിന്തകളും നയങ്ങളുമാണ് മുന്നോട്ട് കൊണ്ടുപോയത്’- മോദി പറഞ്ഞു.
ജനാധിപത്യത്തിന്റെ അമ്മയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഭരണഘടന സ്ത്രീകളുടേത് കൂടിയാണ്. 75 കൊല്ലത്തെ യാത്ര ഉത്സവമായി ആഘോഷിക്കണം. അസാധാരണമായ യാത്രയാണിത്. ഭരണഘടനാ ശിൽപികളുടെ ആഗ്രഹം നിറവേറ്റി. രാജ്യ പുരോഗതിയ്ക്ക് അടിത്തറയായ ഭരണഘടനയാണ് ഇന്ത്യയുടേത്. ഇന്ത്യയുടെ ജനാധിപത്യ ഘടന അതിൻ്റെ സംസ്കാരത്തിൻ്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭയില്‍ ‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ജനാധിപത്യം ലോകത്തെ മുഴുവൻ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 75 വർഷം കൊണ്ട് ഇന്ത്യ അസാധാരണമായ നേട്ടങ്ങൾ കൈവരിച്ചു. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് മുന്നേറാനുള്ള കരുത്ത് ജനാധിപത്യം നമുക്ക് നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനാ ശിൽപ്പികളെ സ്മരിച്ച പ്രധാനമന്ത്രി, വനിതാ ശാക്തീകരണത്തിന് ഭരണഘടന അടിത്തറയായെന്നും ഭരണഘടനാ നിര്‍മ്മാണത്തിന് സ്ത്രീകൾ പ്രധാന പങ്കുവഹിച്ചുവെന്നും ഓര്‍മ്മിപ്പിച്ചു.
