പാകിസ്ഥാന് സഹായം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് രാജ്യാന്തര നാണ്യനിധിയോട് രാജ്നാഥ് സിങ്

ന്യൂഡല്‍ഹി:
പാകിസ്ഥാന് സഹായം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് രാജ്യാന്തര നാണ്യനിധിയോട് രാജ്നാഥ് സിങ്. ശ്രീനഗറില്‍ സുരക്ഷാ സേനാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഗുജറാത്തിലെ ഭൂജ് വ്യോമത്താവളത്തിലെത്തി കരുത്തുറ്റ സേനാംഗങ്ങളെ അഭിനന്ദിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന് സിന്ദൂറില്‍ അനന്യസാധാരണമായ പ്രകടനം നടത്തിയ കര-വ്യോമസേനാംഗങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ഇന്ത്യയുടെ സൈനികകരുത്തിന്റെയും തയാറെടുപ്പിന്റെയും തിളക്കമാര്‍ന്ന ഉദാഹരണമാണ് ഓപ്പറേഷന് സിന്ദൂറെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നമ്മുടെ വ്യോമസേന അവരുടെ ധൈര്യവും മഹത്വവും സാമര്‍ത്ഥ്യവും കൊണ്ട് ഇപ്പോള്‍ പുതു ഉയരങ്ങളിലെത്തിയിരിക്കുന്നു. ഭീകരതയ്ക്കെതിരെയുള്ള നമ്മുടെ നടപടികളില്‍ അവര്‍ ഫലപ്രദമായി ഇടപെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ എ പി സിങും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അടുത്തിടെ പാകിസ്ഥാനുമായുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യത്തിന്റെ തയാറെടുപ്പുകള്‍ അദ്ദേഹം വിലയിരുത്തി.
താന്‍ നമ്മുടെ ധീരരായ ആകാശപ്പോരാളികളുമായി കൂടിക്കാഴ്ച നടത്താന്‍ ഗുജറാത്തിലെ ഭുജിലേക്ക് പോകുകയാണെന്ന് അങ്ങോട്ട് തിരിക്കും മുമ്പ് അദ്ദേഹം എക്സില്‍ കുറിച്ചു. 2001ലെ ഭൂകമ്പത്തില്‍ ജീവന് നഷ്ടമായവര്‍ക്കുള്ള ആദരമായി നിര്‍മ്മിച്ചിട്ടുള്ള സ്മൃതി വനവും അദ്ദേഹം സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയമായിരുന്നു ഈ സ്മൃതിവനവും മ്യൂസിയവും. ജമ്മു കശ്മീരീലെ ശ്രീനഗറിലുള്ള ബദമി ബാഗ് കന്റോണ്‍മെന്റ് സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഗുജറാത്തിലെത്തിയിരിക്കുന്നത്. ജമ്മു കശ്മീരില്‍ അദ്ദേഹം കരസേനാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.