സംസ്കാരം കാടുകയറുമ്പോൾ

 സംസ്കാരം കാടുകയറുമ്പോൾ

മധുവിനെ മറക്കാൻ കഴിയുമോ ആർക്കെങ്കിലും?
ഒരുപിടി അരിയും കുറച്ചു മുളകും ഒരു തോർത്തുമുണ്ടിൽ പൊതിഞ്ഞെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, ഒരു കൂട്ടം മാന്യ മുഖങ്ങൾ വളഞ്ഞു വെച്ച് കെട്ടിയിട്ട് വിചാരണ ചെയ്ത് മർദ്ദിച്ചു കൊലപ്പെടുത്തിയ ആ പാവം മനുഷ്യനെ!?
കാട്ടിൽ ജനിച്ചു വീണ് അവിടെ പിച്ചവെച്ച് കാടിൻറെ ഭംഗിയും കാട്ടാറിന്റെ സംഗീതവും കേട്ടുവളർന്ന് എപ്പോഴോ, വിശപ്പ് സഹിക്കാനാവാതെ കാടിറങ്ങിവന്ന ആ പാവം മനുഷ്യൻറെ മുഖവും, ആ കണ്ണുകളിലെ ഭയവും, ഉണങ്ങിഒട്ടിയ വയറിൻറെ ചിത്രവും മനസാക്ഷി മരവിക്കാത്ത ഒരാൾക്കും മറക്കാനാവില്ല.
ആവശ്യത്തിൽ കൂടുതൽ വിഭവങ്ങൾ നിരത്തിയും അഹങ്കാരത്തോടെ പാഴാക്കി കളയുകയും ചെയ്തുകൊണ്ട് ആഘോഷിക്കുന്ന നമ്മുടെ തീൻമേശ ചർച്ചകളിൽ ഈ ഒരു മനുഷ്യൻറെ ഓർമ്മകൾ പോലും ഉണ്ടാവില്ല. കാരണം, നമ്മൾ അങ്ങനെയാണ്..ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹം അങ്ങനെയാണ്…
അതുകൊണ്ട് മാത്രമാണ് ഈ കടന്നുപോയ ആഴ്ചയിൽ, അട്ടപ്പാടിയിൽ ഒരു 19 കാരനെ ജീപ്പിൻറെ മുൻപിലേക്ക് എടുത്ത് ചാടി എന്ന് അവകാശപ്പെട്ട് രണ്ടുപേർ അതിക്രൂരമായി മർദ്ദിച്ചത്. മർദ്ദനം സഹിക്കാവുന്നതിനും അപ്പുറം ആയതുകൊണ്ടോ (അതോ കള്ളമോ) ആ യുവാവ് ഒരു കല്ലെടുത്ത് ജീപ്പിൻറെ ചില്ല് തകർത്തു എന്ന് അവകാശപ്പെട്ട് അവനെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച അവശനാക്കി. നാലുദിവസം കഴിഞ്ഞാണത്രെ ഇങ്ങനെയൊരു വാർത്ത പുറംലോകം അറിയുന്നത്. അതിനുശേഷം വീണ്ടും ദിവസങ്ങൾ കഴിഞ്ഞ് വാർത്തകളിൽ ഇടം പിടിച്ചപ്പോഴാണ് നമ്മുടെ നിയമവ്യവസ്ഥ ആ മർദ്ദകർക്കെതിരായി കേസെടുക്കാൻ താല്പര്യപ്പെട്ടത്.
ആ യുവാവിനെ പോസ്റ്റിൽ കെട്ടിയിടാനും മർദ്ദിക്കാനും ഉള്ള ധൈര്യം എവിടെ നിന്ന് ഇവർക്ക് ലഭിച്ചു.?കൊട്ടിഘോഷിക്കുന്ന വിശ്വവിശാല മാനവികതയും സംസ്കാരവും എന്ന് കാട് കയറി തുടങ്ങി?
നമ്മുടെ വീടുകളിൽ വളർത്തുന്ന പട്ടിക്കുഞ്ഞിനെയോ കോഴിക്കുഞ്ഞുങ്ങളെയോവരെ കല്ലെടുത്ത് എറിയാൻ ഒരുമ്പെടുമ്പോൾ ആരായിരുന്നാലും ആലോചിക്കും, ഇങ്ങനെ ചെയ്താൽ ആ വീട്ടുകാർ വന്ന് ചോദിക്കുമെന്ന്-
എന്നാൽ ഇന്നും ഇവിടെ ഈ മനുഷ്യരോട് നമ്മുടെ സമൂഹം കാണിക്കുന്നത് ഇതുതന്നെയാണ്, ആരും ചോദിക്കാനില്ല-എന്ന ഒരേയൊരു ധൈര്യം.
കാലാകാലങ്ങളായി നമ്മൾ ചെയ്തു പോന്നത് അതാണ്. നമ്മുടെ പിന്മുറക്കാരും നമ്മുടെ തലമുറയും അതു തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.ഒരുപിടി മണ്ണ് സ്വന്തമായില്ലാത്ത, ഒരു പിടി ചോറിന് വന്യമൃഗങ്ങളോട് പടപൊരുതേണ്ടിവരുന്ന വെറും നിസ്സഹായരായ, നാം സംരക്ഷിക്കുമെന്ന് ഉറപ്പ് കൊടുത്തുകൊണ്ട്, നമുക്ക് സംരക്ഷിക്കാൻ കടമയുള്ള ഒരു വിഭാഗം.. അവരുടെ കാടും മേടും മാനവും എന്നും ഹരമാണ്. ചൂഷണം ചെയ്ത് ചൂഷണം ചെയ്തു നമ്മെ കാണുമ്പോൾ അവർ ഓടിയൊളിക്കും…പുലിയുടെയും നരിയുടെയും മടകളിൽ…
അവിടെ അവർ സുരക്ഷിതരാണ്.
അവരുടെ ആവാസ വ്യവസ്ഥയ്ക്ക് ഭംഗം വരുത്താൻ, അവരുടെ സ്വാതന്ത്ര്യത്തിനു നേരെ കയ്യേറ്റം ചെയ്യാൻ നമുക്കാർക്കും അവകാശമില്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News