ആംആദ്മി പാർട്ടി ഇന്ത്യാ സഖ്യത്തിൽ നിന്ന് വേർപിരിഞ്ഞു

ന്യൂഡൽഹി:
ആംആദ്മി പാർട്ടി ഇന്ത്യാ സഖ്യത്തിൽ നിന്ന് വേർപിരിഞ്ഞു. ബിജെപിയുമായി കോൺഗ്രസിന് “രഹസ്യവും അഴിമതി നിറഞ്ഞതുമായ കരാർ” ഉണ്ടെന്ന് പാർട്ടി ആരോപിച്ചു. 2024 ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് പ്രതിപക്ഷ സംഘം രൂപീകരിച്ചതെന്നും ആംആദ്മി പാർട്ടി പ്രസ്താവനയിൽ അവകാശപ്പെട്ടു.
യഥാർഥ സഖ്യം കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് എഎപി നേതാവ് അനുരാഗ് ധണ്ട പറഞ്ഞു. മോദിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ് രാഹുൽ ഗാന്ധി പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാന്ധി കുടുംബത്തെ ജയിലിൽ പോകുന്നതിൽ നിന്ന് മോദി രക്ഷിക്കുന്നു എന്നും ആംആദ്മി പാർട്ടി വിമർശിച്ചു. സാധാരണ ജനങ്ങൾക്ക് സ്കൂളുകൾ, ആശുപത്രികൾ, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിൽ ഇരുകൂട്ടർക്കും താൽപര്യമില്ലെന്ന് അനുരാഗ് ധണ്ട എക്സിൽ കുറിച്ചു.
രാഹുൽ ഗാന്ധിയും മോദിയും പൊതുവേദികളിൽ പ്രതിയോഗികളായി പ്രത്യക്ഷപ്പെട്ടേക്കാം. എന്നാൽ രാഷ്ട്രീയ നിലനിൽപ്പിനു വേണ്ടി പരസ്പരം ജാമ്യം നൽകുകയാണ് ഇരുവരും എന്നതാണ് യഥാർഥ സത്യം. കോൺഗ്രസിൻ്റെ ദുർബലമായ രാഷ്ട്രീയം ബിജെപിയെ ശക്തിപ്പെടുത്തുന്നു. അതുപോലെ ബിജെപി ഭരണം കോൺഗ്രസിൻ്റെ അഴിമതികളെ ഒളിപ്പിച്ചു നിർത്തുന്നു എന്നും അനുരാഗ് ധണ്ട പ്രസ്താവനയിൽ കുറിച്ചു.