മധ്യസ്ഥത വേണ്ട’; ട്രംപിനോട് മോദി

ന്യൂ ഡൽഹി:
ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ അമേരിക്കയ്ക്ക് യാതൊരു പങ്കും ഇല്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രംപുമായി ഫോണിൽ സംസാരിക്കവെയാണ് ‘യുഎസ് മധ്യസ്ഥം’ ഇന്ത്യ തള്ളിയത്. പാകിസ്താൻ അഭ്യർത്ഥിച്ചതുകൊണ്ടാണ് സൈനിക നടപടി അവസാനിപ്പിച്ചതെന്നും കശ്മീർ വിഷയത്തിൽ ഇന്ത്യ ഒരു മധ്യസ്ഥ ശ്രമവും ആഗ്രഹിക്കുന്നില്ലെന്നും മോദി നിലപാട് വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റിയുള്ള പൂർണ വിവരങ്ങൾ ട്രംപിനെ അറിയിക്കുകയും ചെയ്തു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തിയ കാര്യം അറിയിച്ചത്.
അരമണിക്കൂറിലധികം ഇരുനേതാക്കളും തമ്മിൽ സംസാരിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി നിലപാട് എടുക്കണമെന്നും മോദി ആവശ്യപ്പെട്ടു. താൻ ഇടപെട്ടതുകൊണ്ടാണ് ഇന്ത്യ-പാക് സംഘർഷം അവസാനിച്ചതെന്നും കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യ ഇതെല്ലാം തള്ളുകയായിരുന്നു.