വെടിനിർത്തൽ കരാറിലെത്തിയെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ അവകാശവാദം തള്ളി ഇറാൻ

ടെഹ്‌റാന്‍:
ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ അവകാശവാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി. ട്രംപിന്‍റെ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് ശേഷം പുറത്തിറക്കിയ പ്രസ്‌താവനയിലാണ് വെടിനില്‍ത്തല്‍ ധാരണ ഇതുവരെയില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. യുദ്ധം തുടങ്ങിയത് ഇറാനല്ലെന്നും ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ തിരിച്ചടിക്കില്ലെന്നുമാണ് അദ്ദേഹം സോഷ്യല്‍ മീഡിയ മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്‌ത പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നത്.
“ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയതുപോലെ, ഇസ്രയേൽ ഇറാനെതിരെ യുദ്ധം ആരംഭിച്ചു, മറിച്ചല്ല. ഇപ്പോൾ, ഏതെങ്കിലും തരത്തിലുള്ള വെടിനിർത്തൽ അല്ലെങ്കിൽ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് ഒരു ‘കരാറും’ ഇല്ല. എന്നിരുന്നാലും, ഇറാനിയൻ ജനതയ്‌ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം ഇസ്രയേൽ ഭരണകൂടം ടെഹ്‌റാൻ സമയം പുലർച്ചെ 4 മണിക്ക് മുമ്പ് അവസാനിപ്പിക്കുന്ന സാഹചര്യത്തിൽ, അതിനുശേഷം ഞങ്ങളുടെ പ്രതികരണം തുടരാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഞങ്ങളുടെ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് എടുക്കും” -മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.
