അനന്തപുരി മണികണ്ഠൻ പൊലീസ് പിടിയിൽ

ആള്‍മാറാട്ടം നടത്തി വീടും വസ്തുവും തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയാണ് അനന്തപുരി മണികണ്ഠൻ
തിരുവനന്തപുരം:
വ്യാജരേഖ ചമച്ച് ജവഹര്‍ നഗറിലെ കോടികൾ വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്ത സംഭവത്തില്‍ മുഖ്യപ്രതിയായ കോണ്‍ഗ്രസ് നേതാവും ആധാരം എഴുത്തുകാരനുമായ അനന്തപുരി മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വെണ്ടര്‍ ഡാനിയല്‍ എന്ന പേരിലാണ് മണികണ്ഠന്‍ അറിയപ്പെടുന്നത്. തിരുവനന്തപുരത്തെ ഡിസിസി ഭാരവാഹിയാണ് മണികണ്ഠന്‍. ആറ്റുകാല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റ ചരിത്രമുള്ള മണികണ്ഠന്‍ വരുന്ന തിരഞ്ഞെടുപ്പിലും മത്സരിക്കാന്‍ തയാറെടുപ്പുകൾ നടത്തി വരികയായിരുന്നു.
മണികണ്ഠന്റെ സഹോദരൻ മഹേഷ് നേരത്തെ അറസ്റ്റിലായിരുന്നു. തട്ടിപ്പിനായി വ്യാജ ആധാരം നിര്‍മിക്കാനുള്ള ഇ- സ്റ്റാമ്പ് എടുത്തതും രജിസ്‌ട്രേഷന്‍ ഫീസ് അടച്ചതും മഹേഷിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ്. സ്വന്തമായി ലൈസന്‍സ് ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ അനുജന്റെ ലൈസന്‍സ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതും ആസൂത്രിതമാണെന്നാണ് പൊലീസിന്റെ നിഗമനം.