ട്രംപിന്റെ വിദ്വേഷ പ്രചാരണങ്ങളെ തകർത്തെറിഞ്ഞ് സൊഹ്‌റാൻ മംദാനി; ന്യൂയോർക്കിന്റെ ചരിത്രത്തിൽ ഇടംനേടി ആദ്യ ഇന്ത്യൻ വംശജൻ!
സൊഹ്റാൻ മംദാനി
വാഷിംഗ്ടൺ:
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീവ്രമായ വിദ്വേഷ പ്രസ്താവനകളെയും എതിർപ്പുകളെയും അപ്രസക്തമാക്കിക്കൊണ്ട് ന്യൂയോർക്ക് മേയർ സ്ഥാനത്തേക്ക് സൊഹ്‌റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടു. മംദാനിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മുതൽ അദ്ദേഹത്തെ പരാജയപ്പെടുത്താൻ ട്രംപ് എല്ലാ അതിരുകളും ലംഘിച്ച് ഇടപെട്ടു.
എന്നാൽ, ട്രംപിന്റെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയുടെയും വിഷലിപ്തമായ പ്രചാരണങ്ങളുടെ മുനയൊടിച്ച് മംദാനി നേടിയ വിജയം ജനാധിപത്യ-മതേതര വിശ്വാസികൾക്ക് ആശ്വാസവും ആഹ്ലാദവും നൽകുന്നു.
ചരിത്രനേട്ടം, തകർത്തത് മുൻവിധികളെ
ഈ കടുത്ത വെല്ലുവിളികൾ അതിജീവിച്ച് മംദാനി ചുവടുവെച്ചത് ചരിത്രത്തിലേക്കാണ്.
- ന്യൂയോർക്കിന്റെ മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജൻ.
- ന്യൂയോർക്ക് നഗരത്തിന്റെ ചരിത്രത്തിലെ ആദ്യ മുസ്ലിം മേയർ.
- ഏറ്റവും പ്രായം കുറഞ്ഞ മേയർമാരിൽ ഒരാളായി, 111-ാമത് മേയറായി 34-കാരനായ മംദാനി അധികാരമേൽക്കുന്നു.
മുസ്ലിം ആയതിന്റെ പേരിലും ഇടതുപക്ഷ നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിലും കടുത്ത വേട്ടയാടൽ നേരിട്ട അമേരിക്കയിലെ പൗരന്മാർക്ക് ഈ വിജയം വലിയ പ്രത്യാശയാണ് നൽകുന്നത്.
വർഗ്ഗീയ അധിക്ഷേപങ്ങളെ നേരിട്ട് വിജയം
പ്രതിപക്ഷ ബഹുമാനമില്ലാതെ കർട്ടിസ് സ്ലിവ, മംദാനിയെ ‘ജിഹാദിനെ പിന്തുണയ്ക്കുന്നയാൾ’ എന്ന് വരെ ചിത്രീകരിച്ചിരുന്നു. “ന്യൂയോർക്കിൽ ഒരു മുസ്ലിമായി ജീവിക്കുമ്പോൾ അപമാനം പ്രതീക്ഷിക്കണം” എന്ന് രണ്ടാഴ്ച മുമ്പ് മംദാനി പ്രതികരിച്ചത് ഈ കടുത്ത അധിക്ഷേപങ്ങൾക്കിടയിലായിരുന്നു.
മുൻ ഗവർണർ ആൻഡ്രിയോ ക്യുമോ, “മറ്റൊരു സെപ്റ്റംബർ 11 ആക്രമണം നടന്നാൽ മംദാനി സന്തോഷിക്കുമെ”ന്ന് പ്രസ്താവിച്ചു. എതിരാളികൾ ഒന്നടങ്കം ‘തീവ്രവാദി’യായി ചിത്രീകരിച്ച ഒരു തിരഞ്ഞെടുപ്പിന് ശേഷം ആദ്യ മുസ്ലിം മേയറായി മംദാനി തിരഞ്ഞെടുക്കപ്പെടുന്നത് അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ പ്രതീക്ഷയുടെ കിരണങ്ങൾ നൽകുന്നു.
