അൽ-ഫലാഹ് സർവകലാശാല സ്ഥാപകൻ ഇഡിയുടെ പിടിയിൽ; കള്ളപ്പണം വെളുപ്പിക്കൽ കേസ്
ശ്രീനഗർ:
അൽ-ഫലാഹ് സർവകലാശാലയുടെ സ്ഥാപകനും അൽ-ഫലാഹ് ഗ്രൂപ്പ് ചെയർമാനുമായ ജാവേദ് അഹമ്മദ് സിദ്ദിഖിയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. 2002-ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (PMLA) സെക്ഷൻ 19 പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള (ECIR) റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അൽ-ഫലാഹ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടത്തിയ വിശദമായ പരിശോധനകൾക്ക് ശേഷമാണ് ഇഡിയുടെ നിർണ്ണായക നടപടി. അറസ്റ്റിന് മുന്നോടിയായി സിദ്ദിഖി ഇഡിയുടെ കസ്റ്റഡിയിലായിരുന്നു എന്നും അദ്ദേഹത്തിൻ്റെ വസതിയിൽ റെയ്ഡ് നടക്കുന്നുണ്ടായിരുന്നു എന്നും വാർത്തകൾ പുറത്തുവന്നിരുന്നു.
എന്താണ് കേസ്? വ്യാജ അവകാശവാദങ്ങളിലൂടെ കോടികൾ തട്ടിയെടുത്തോ?
ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളെ അടിസ്ഥാനമാക്കിയാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
- അൽ-ഫലാഹ് യൂണിവേഴ്സിറ്റിക്ക് നാക് (NAAC) അംഗീകാരം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിദ്യാർഥികളെയും മറ്റുള്ളവരെയും കബളിപ്പിച്ച് നിയമവിരുദ്ധമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാണ് പ്രധാന ആരോപണം.
- യൂണിവേഴ്സിറ്റിക്ക് യുജിസി നിയമത്തിലെ സെക്ഷൻ 2(f) പ്രകാരം സംസ്ഥാന സ്വകാര്യ സർവകലാശാലയായി മാത്രമാണ് അംഗീകാരം ഉണ്ടായിരുന്നത്.
- എന്നാൽ, യൂണിവേഴ്സിറ്റി അധികൃതർ യുജിസി നിയമത്തിലെ സെക്ഷൻ 12(B) പ്രകാരമുള്ള സുപ്രധാന അംഗീകാരം ഉണ്ടെന്ന് തെറ്റായി അവകാശപ്പെട്ടു. ഈ പദവിക്കായി യൂണിവേഴ്സിറ്റി അപേക്ഷിച്ചിട്ടില്ലെന്നും ഈ വ്യവസ്ഥ പ്രകാരമുള്ള ഗ്രാൻ്റുകൾക്ക് അർഹതയില്ലെന്നും യുജിസി മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
ഈ വ്യാജ അവകാശവാദങ്ങളിലൂടെ വിദ്യാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ യൂണിവേഴ്സിറ്റി അനധികൃതമായി കൈപ്പറ്റി എന്നും ഇത് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുമാണ് ഇഡി കണ്ടെത്തൽ.
