അഞ്ചാം ഗൾഫ് ബഹുമതിയും സ്വന്തമാക്കി പ്രധാനമന്ത്രി; ഒമാന്റെ പരമോന്നത പുരസ്കാരം നരേന്ദ്ര മോദിക്ക്
മസ്കറ്റ്: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ദി ഫസ്റ്റ് ക്ലാസ് ഓഫ് ദി ഓർഡർ ഓഫ് ഒമാൻ’ (The First Class of the Order of Oman) നൽകി ആദരിച്ചു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് പുരസ്കാരം സമ്മാനിച്ചു. ഇതോടെ ആറ് ഗൾഫ് രാഷ്ട്രങ്ങളിൽ അഞ്ചിൽ നിന്നും പരമോന്നത ബഹുമതി നേടുന്ന ആദ്യ ആഗോള രാഷ്ട്രത്തലവൻ എന്ന ചരിത്രനേട്ടം നരേന്ദ്ര മോദി സ്വന്തമാക്കി.
ബഹുമതികളുടെ തിളക്കത്തിൽ ഇന്ത്യ-ഗൾഫ് ബന്ധം വിദേശ രാഷ്ട്രത്തലവന്മാർക്കും ആഗോള തലത്തിലെ വിശിഷ്ട വ്യക്തിത്വങ്ങൾക്കും ഒമാൻ നൽകുന്ന ഏറ്റവും ഉയർന്ന ദേശീയ പുരസ്കാരമാണ് ‘ഓർഡർ ഓഫ് ഒമാൻ’. അടുത്തിടെ എത്യോപ്യയുടെ ‘ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യ’, കുവൈത്തിന്റെ ‘ഓർഡർ ഓഫ് മുബാറക് അൽ-കബീർ’ എന്നീ ബഹുമതികളും പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ പുതിയ നേട്ടം.
പൂർവ്വികർക്ക് സമർപ്പിച്ച് പ്രധാനമന്ത്രി പുരസ്കാരം സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകാരികമായാണ് പ്രതികരിച്ചത്. ഈ ബഹുമതി ഇന്ത്യയിലെയും ഒമാനിലെയും ജനങ്ങൾക്കിടയിലുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ മാണ്ഡവിയിൽ നിന്നും മസ്കറ്റിലേക്ക് കപ്പൽ കയറി ഈ ബന്ധത്തിന് അടിത്തറ പാകിയ ഇരുരാജ്യങ്ങളിലെയും പൂർവ്വികർക്ക് പ്രധാനമന്ത്രി ഈ പുരസ്കാരം സമർപ്പിച്ചു. സന്ദർശനത്തിന്റെ ഭാഗമായി പ്രതിരോധം, സുരക്ഷ, വ്യാപാരം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ നിർണ്ണായക ചർച്ചകളും നടന്നു.
