ശബരിമല സ്വർണക്കൊള്ള: കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് അമിത് ഷാ; സർക്കാരിനെതിരെ രൂക്ഷവിമർശനം
തിരുവനന്തപുരം:
ശബരിമലയിലെ സ്വത്ത് സംരക്ഷിക്കാൻ കഴിയാത്തവർക്ക് ഭക്തരുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ കടുത്ത ആരോപണങ്ങളുമായി അദ്ദേഹം രംഗത്തെത്തി. തിരുവനന്തപുരത്ത് ബിജെപി ജനപ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര അന്വേഷണം വേണം
ശബരിമലയിലെ സ്വർണക്കൊള്ള കേരളത്തിലെ ഭക്തരെ മാത്രമല്ല, രാജ്യത്തെ മുഴുവൻ അയ്യപ്പഭക്തരെയും ആശങ്കപ്പെടുത്തുന്ന ഒന്നാണെന്ന് അമിത് ഷാ പറഞ്ഞു. നിലവിലെ പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് ഒരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“നിലവിലെ എഫ്ഐആർ പ്രതികളെ സംരക്ഷിക്കാൻ വേണ്ടിയുള്ളതാണ്. എൽഡിഎഫുമായി ബന്ധപ്പെട്ടവർ സംശയനിഴലിൽ നിൽക്കുമ്പോൾ കേരള പോലീസിൽ നിന്ന് നിഷ്പക്ഷമായ അന്വേഷണം പ്രതീക്ഷിക്കാനാവില്ല.” – അമിത് ഷാ
എൽഡിഎഫ് – യുഡിഎഫ് ഒത്തുകളി
ശബരിമല വിഷയത്തിൽ കോൺഗ്രസിനും ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന് അമിത് ഷാ ആരോപിച്ചു. കോൺഗ്രസ് നേതാക്കളെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. കേരളത്തിൽ നടക്കുന്നത് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തൂതീർപ്പ് രാഷ്ട്രീയമാണെന്നും, ഈ അഴിമതിക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ ധൈര്യമുണ്ടെങ്കിൽ കേസ് നിഷ്പക്ഷ അന്വേഷണ ഏജൻസിക്ക് വിടാൻ തയ്യാറാകണമെന്നും അദ്ദേഹം വെല്ലുവിളിച്ചു. ശബരിമലയുടെ പവിത്രതയും സ്വത്തും സംരക്ഷിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
