കോഴിക്കോട് കുന്ദമംഗലത്ത് വാഹനാപകടം: മൂന്ന് മരണം; രണ്ട് പേർക്ക് പരിക്ക്
അപകടത്തിൽ മരിച്ചവർ
കോഴിക്കോട്: കുന്ദമംഗലത്തിന് സമീപം പതിമംഗലം മുറിയനാലിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഇന്ന് (ജനുവരി 12) പുലർച്ചെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ഈങ്ങാപ്പുഴ പെരുമ്പള്ളി സ്വദേശി സുഹൈൽ, കൊടുവള്ളി വാവാട് സ്വദേശി നിഹാൽ, വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരണപ്പെട്ടത്.
കൊടുവള്ളി ഭാഗത്ത് നിന്നും കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനും എതിർദിശയിൽ സഞ്ചരിക്കുകയായിരുന്ന i20 കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻവശം പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും പിക്കപ്പ് വാൻ ഡ്രൈവറുമാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
രക്ഷാപ്രവർത്തനം സങ്കീർണ്ണമായിരുന്നു
ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ തകർന്നതോടെ യാത്രക്കാർ ഉള്ളിൽ കുടുങ്ങിപ്പോയി. നാട്ടുകാരും മറ്റ് വാഹന യാത്രക്കാരും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വെള്ളിമാടുകുന്നിൽ നിന്നും എത്തിയ ഫയർ യൂണിറ്റ് അംഗങ്ങൾ അത്യാധുനിക ഉപകരണങ്ങളായ ഹൈഡ്രോളിക് കട്ടർ, സ്പ്രഡർ എന്നിവ ഉപയോഗിച്ച് വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്. അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
