മെഡിസെപ്പ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതൽ: ചികിത്സാ പരിരക്ഷ 5 ലക്ഷമായി ഉയർത്തി; കൂടുതൽ ആനുകൂല്യങ്ങളുമായി സർക്കാർ
തിരുവനന്തപുരം:
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് (MEDISEP) ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കൂടുതൽ ആനുകൂല്യങ്ങളും വിപുലമായ ചികിത്സാ പാക്കേജുകളുമായാണ് പദ്ധതിയുടെ പുതിയ പതിപ്പ് എത്തുന്നത്.
അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ പ്രതിവർഷം മൂന്ന് ലക്ഷം രൂപയിൽ നിന്നും അഞ്ച് ലക്ഷം രൂപയായി ഉയർത്തിയതാണ് രണ്ടാം ഘട്ടത്തിലെ ഏറ്റവും വലിയ ആകർഷണം. പ്രതിമാസം 687 രൂപയാണ് പദ്ധതിയുടെ പ്രീമിയം തുക.
രണ്ടാം ഘട്ടത്തിലെ പ്രധാന മാറ്റങ്ങളും ആനുകൂല്യങ്ങളും:
- ചികിത്സാ പാക്കേജുകൾ: പാക്കേജുകളുടെ എണ്ണം 1,920-ൽ നിന്നും 2,516 ആയി വർദ്ധിപ്പിച്ചു. ഒരേസമയം മെഡിക്കൽ, സർജിക്കൽ പാക്കേജുകൾ ഉപയോഗിക്കാനുള്ള സൗകര്യം ലഭ്യമാണ്.
- വിപുലമായ ശൃംഖല: സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യമുള്ള സർക്കാർ ആശുപത്രികൾക്ക് പുറമെ പ്രമുഖ സ്വകാര്യ ആശുപത്രികളിലും ക്യാഷ്ലെസ് ചികിത്സ ലഭ്യമാകും. കാൽമുട്ട്, ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഇനി സ്വകാര്യ ആശുപത്രികളിലും മെഡിസെപ് വഴി ചെയ്യാം.
- അടിയന്തര ചികിത്സ: എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ പോലും റോഡപകടങ്ങൾ, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ചികിത്സാ സഹായം ഉറപ്പാക്കും.
- കോർപ്പസ് ഫണ്ട്: ഗുരുതരമായ രോഗങ്ങൾക്കും അവയവമാറ്റ ശസ്ത്രക്രിയകൾക്കുമായി ഇൻഷുറൻസ് കമ്പനി 40 കോടി രൂപയുടെ പ്രത്യേക കോർപ്പസ് ഫണ്ട് മാറ്റി വെക്കും.
- തുടർച്ചയായ ചികിത്സകൾ: ഡയാലിസിസ്, കീമോതെറാപ്പി എന്നിവയ്ക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനത്തിലൂടെ തടസ്സമില്ലാത്ത സൗജന്യ ചികിത്സ ഉറപ്പാക്കും.
ആർക്കൊക്കെ അംഗമാകാം?
സർക്കാർ ജീവനക്കാർ, പെൻഷൻകാർ, എയ്ഡഡ് സ്കൂൾ ജീവനക്കാർ, പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാർ എന്നിവർക്ക് പുറമെ, ഇ.എസ്.ഐ ആനുകൂല്യം ലഭ്യമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, സഹകരണ മേഖലയിലെ ജീവനക്കാർ എന്നിവരെയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിലുള്ള രോഗങ്ങൾക്കും തുടക്കം മുതൽ പരിരക്ഷ ലഭിക്കുമെന്നതും പ്രായപരിധിയില്ല എന്നതും പദ്ധതിയെ കൂടുതൽ ജനകീയമാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് medisep.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

