സിജെ റോയിയുടെ മരണം: കർണാടക സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

 സിജെ റോയിയുടെ മരണം: കർണാടക സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

ബെംഗളൂരു:

കോൺഫിഡൻ്റ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സിജെ റോയിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കർണാടക സർക്കാർ. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു മികച്ച ബിസിനസുകാരനെയാണ് നഷ്ടമായതെന്നും, ആദായനികുതി വകുപ്പ് റെയ്ഡിനിടെ ഇത്തരമൊരു സംഭവം ഉണ്ടായത് നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരും വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.

അന്വേഷണം ഊർജിതം

ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ്ങിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സിജെ റോയിയുടെ വസതിയിൽ ആദായനികുതി വകുപ്പ് (IT) റെയ്ഡ് നടത്തിവരികയായിരുന്നു. ചോദ്യം ചെയ്യലിനിടെ വിശ്രമം ആവശ്യപ്പെട്ട് മുറിയിലേക്ക് പോയ റോയ് സ്വയം വെടിവെക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.

ഫോറൻസിക് വിദഗ്ധരും ക്രൈം സീൻ ഓഫീസർമാരും (SOCO) സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിനൊപ്പം ചേർന്നതായാണ് സൂചന.

സംസ്‌കാരം ഇന്ന്

പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വിദേശത്തായിരുന്ന കുടുംബാംഗങ്ങൾ ഇന്ന് ബെംഗളൂരുവിൽ എത്തിച്ചേർന്നു. ഭാര്യ ലിന റോയിയും മകൻ രോഹിത് റോയിയും ആശുപത്രിയിൽ എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഉച്ചവരെ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം തുടർന്ന് ബെംഗളൂരുവിൽ തന്നെ സംസ്‌കരിക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News