ഇന്ത്യയുടെ കരുത്തുയർത്തി ‘ദിവ്യാസ്ത്ര എംകെ 3’ ചാവേർ ഡ്രോണിന്റെ പരീക്ഷണപ്പറക്കൽ വിജയം
ന്യൂഡൽഹി:
ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് വലിയ കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ചാവേർ ഡ്രോൺ (ലോയിറ്ററിങ് മ്യുണിഷൻ) ‘ദിവ്യാസ്ത്ര എംകെ 3’ യുടെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി പൂർണമായും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ജെറ്റ് എഞ്ചിൻ ഉപയോഗിച്ചുള്ള ചാവേർ ഡ്രോണാണിത്.
AWA UAV (Kawa UAV) എന്ന ഇന്ത്യൻ പ്രതിരോധ സ്റ്റാർട്ടപ്പ് കമ്പനിയാണ് ഈ നേട്ടത്തിന് പിന്നിൽ. പരമ്പരാഗത പ്രൊപ്പല്ലറുകൾക്ക് പകരം തദ്ദേശീയമായി വികസിപ്പിച്ച മൈക്രോ ജെറ്റ് പ്രൊപ്പല്ലറുകളുടെ സഹായത്തോടെയാണ് ഇത് പറന്നുയരുന്നത്.
പ്രധാന സവിശേഷതകൾ:
- ആയുധ ശേഷി: 30 മുതൽ 50 കിലോ വരെ ഭാരമുള്ള ബോംബുകളും മറ്റ് ആയുധ പോർമുനകളും വഹിക്കാൻ ശേഷിയുണ്ട്.
- വേഗത: മണിക്കൂറിൽ 500 മുതൽ 700 കിലോമീറ്റർ വരെ വേഗതയിൽ കുതിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- ദൂരപരിധിയും സമയവും: 1500 കിലോമീറ്റർ വരെ സഞ്ചാരപരിധിയും പരമാവധി രണ്ട് മണിക്കൂർ വരെ പറക്കൽ സമയവും കണക്കാക്കപ്പെടുന്നു.
- കുറഞ്ഞ നിർമ്മാണച്ചെലവ്: വിദേശ രാജ്യങ്ങളിലെ സമാന സാങ്കേതികവിദ്യകളുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നിലൊന്ന് കുറഞ്ഞ ചെലവിലാണ് ഇന്ത്യ ഇത് വികസിപ്പിച്ചെടുത്തത്.
മണിക്കൂറിൽ 120-150 കി.മീ വേഗതയുള്ള ദിവ്യാസ്ത്ര എംകെ 1, 150-180 കി.മീ വേഗതയുള്ള ദിവ്യാസ്ത്ര എംകെ 2 എന്നീ പതിപ്പുകൾക്ക് ശേഷമാണ് അതിവേഗ ആക്രമണങ്ങൾക്ക് പ്രാപ്തമായ എംകെ 3 പരീക്ഷിച്ചിരിക്കുന്നത്. ഞൊടിയിടയിൽ പറന്നുയർന്ന് ശത്രുപാളയങ്ങളിൽ കൃത്യതയോടെ മിന്നലാക്രമണം നടത്താൻ ദിവ്യാസ്ത്ര എംകെ 3 യ്ക്ക് സാധിക്കും.
