ഹോർമുസിൽ അമേരിക്കൻ അണ്ടർവാട്ടർ ഡ്രോൺ പിടിച്ചെടുത്തെന്ന് ഇറാൻ; സങ്കീർണ ഓപ്പറേഷനെന്ന് ഐആർജിസി

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ ആളില്ലാ അണ്ടർവാട്ടർ ഡ്രോൺ പിടിച്ചെടുത്തതായി ഇറാൻ. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമേരിക്കൻ നാവികസേന ഉപയോഗിക്കുന്ന ‘എംകെ 18 മോഡ് 2 കിങ്ഫിഷ്’ (Mk 18 Mod 2 Kingfish) എന്ന അത്യാധുനിക അണ്ടർവാട്ടർ ഡ്രോണാണ് പിടിച്ചെടുത്തതെന്നാണ് ഐആർജിസി വക്താവ് സെക്കൻഡ് ബ്രിഗേഡിയർ ജനറൽ ഹുസൈൻ മൊഹെബ്ബി അറിയിച്ചത്.
ഹോർമുസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുക്കുന്ന രണ്ടാമത്തെ അമേരിക്കൻ അണ്ടർവാട്ടർ ഡ്രോണാണിതെന്നും ഐആർജിസി അവകാശപ്പെട്ടു.
ആദ്യം പറഞ്ഞത് മറ്റൊരു ഡ്രോണെന്ന്
ഡ്രോൺ പിടിച്ചെടുത്തതിന് പിന്നാലെ ഇത് ‘റെമസ് 600’ (REMUS 600) ആണെന്നായിരുന്നു ഇറാന്റെ ആദ്യ പ്രതികരണം. എന്നാൽ പിന്നീട് നടത്തിയ പരിശോധനകൾക്ക് ശേഷം ഡ്രോൺ എംകെ 18 മോഡ് 2 കിങ്ഫിഷ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന ഡ്രോണിൽ അത്യാധുനിക സോണാർ സംവിധാനങ്ങളും കൃത്യതയാർന്ന നാവിഗേഷൻ സാങ്കേതികവിദ്യയും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. സമുദ്രത്തിനടിയിലെ നിരീക്ഷണം, മാപ്പിങ്, മൈനുകൾ കണ്ടെത്തൽ തുടങ്ങിയ സങ്കീർണ ദൗത്യങ്ങൾക്കാണ് ഇത്തരം ഡ്രോണുകൾ ഉപയോഗിക്കുന്നത്.
‘ഇത് സാധാരണ വേട്ടയല്ല’
അമേരിക്കൻ അന്തർവാഹിനികൾക്ക് ഹോർമുസ് കടലിടുക്ക് ഒരു സാധാരണ സമുദ്രപാത മാത്രമല്ലെന്നും, ഐആർജിസി നാവികസേനയുടെ നിരീക്ഷണ മേഖലയാണെന്നും ഹുസൈൻ മൊഹെബ്ബി എക്സിൽ കുറിച്ചു.
സൈനിക സാങ്കേതികവിദ്യയുടെയും ഇന്റലിജൻസിന്റെയും സഹായത്തോടെ നടത്തിയ പ്രധാനപ്പെട്ട നീക്കമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.
സൈനിക ഇന്റലിജൻസിന്റെ സഹായത്തോടെ ഓപ്പറേഷൻ
സൈനിക ഇന്റലിജൻസിന്റെയും ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളുടെയും സഹായത്തോടെ ഏകോപിതമായ ഓപ്പറേഷനിലൂടെയാണ് ഡ്രോൺ പിടിച്ചെടുത്തതെന്നാണ് ഐആർജിസിയുടെ വിശദീകരണം. ഹോർമുസ് കടലിടുക്കിൽ നിരീക്ഷണത്തിനായി വിന്യസിച്ചിരുന്ന ഡ്രോണാണ് തങ്ങളുടെ നാവികസേന പിടികൂടിയതെന്നും ഇറാൻ അവകാശപ്പെട്ടു.
പിടിച്ചെടുത്ത ഡ്രോൺ നിലവിൽ ഐആർജിസിയിലെ വിദഗ്ധരുടെ നിയന്ത്രണത്തിലാണെന്നാണ് വിവരം. ഡ്രോണിൽ സംഭരിച്ചിരിക്കുന്ന വിവരങ്ങൾ വീണ്ടെടുക്കുന്നതിനും അതിലെ സാങ്കേതിക സംവിധാനങ്ങൾ പരിശോധിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
ഡ്രോണിൽനിന്ന് അമേരിക്കൻ സൈനിക സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുമെന്നാണ് ഇറാന്റെ കണക്കുകൂട്ടൽ.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള അനധികൃതവും അപകടകരവുമായ യാത്രകൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ഐആർജിസി നാവികസേന മുന്നറിയിപ്പ് നൽകി.
ലോകത്തിലെ പ്രധാനപ്പെട്ട എണ്ണ ഗതാഗതപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ നടക്കുന്ന ഓരോ സൈനിക നീക്കവും ആഗോള ഊർജവിപണിയിലും കടൽഗതാഗത മേഖലയിലും ആശങ്ക ഉയർത്തുന്ന സാഹചര്യത്തിലാണ് ഇറാന്റെ പുതിയ അവകാശവാദം.
