ഇന്ന് ശ്രീകൃഷ്ണ ജയന്തി.ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്

തിരുവനന്തപുരം:മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ. അഷ്ടമിരോഹിണി ദിനമായ ഇന്ന് ഗുരുവായൂരിലും കർണാടക ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും നടക്കുന്ന പ്രത്യേക പ്രാർത്ഥനകളിലും ആഘോഷങ്ങളിലും ആയിരങ്ങൾ പങ്കെടുക്കും.
ഇന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന ശോഭായാത്രകളിലായി രണ്ടരലക്ഷം കുട്ടികൾ കൃഷ്ണവേഷം കെട്ടുമെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ പ്രസന്നകുമാർ, പൊതുകാര്യദർശി കെ എൻ സജികുമാർ എന്നിവർ അറിയിച്ചു. ‘അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും” എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ജന്മാഷ്ടമി ആഘോഷിക്കുന്നത്. വിവിധ തരത്തിലുള്ള നിശ്ചല ദൃശ്യങ്ങള്‍, ഭജന സംഘങ്ങള്‍ എന്നിവ ശോഭായാത്രയ്ക്ക് അകമ്പടിയേകും. മുത്തുക്കുടയേന്തിയ ബാലികാ ബാലന്മാര് ശോഭായാത്രയ്ക്ക് നിറപ്പകിട്ടേകും.

അഷ്ടമിരോഹിണി നാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. സമീപ ക്ഷേത്രങ്ങളിൽ നിന്നുള്ള ഘോഷയാത്രകൾ അൽപ സമയത്തിനകം ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പുറപ്പെടും. ഗുരുവായൂർ ക്ഷേത്രത്തിൽ വിശേഷാൽപൂജകൾ നടക്കും. എല്ലാ ഭക്തജനങ്ങൾക്കും പാൽപായസം ഉൾപ്പടെ പിറന്നാൾ സദ്യ ഒരുക്കിയിട്ടുണ്ട്. അഷ്ടമി രോഹിണി ആഘോഷങ്ങൾക്കായി 32 ലക്ഷം രൂപയാണ് ദേവസ്വം ചെലവഴിക്കുന്നത്.

കൊച്ചി, കോഴിക്കോട്, കൊല്ലം, കോട്ടയം, ഗുരുവായൂര്‍, ആറന്മുള തുടങ്ങിയിടങ്ങളില്‍ വിപുലമായ ശോഭായാത്രാ സംഗമങ്ങളുണ്ട്. വിവിധ കേന്ദ്രങ്ങളില്‍ നിന്നു പുറപ്പെടുന്ന ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്രയായാണ് സമാപന സ്ഥലത്തെത്തുന്നത്.
