നിർമ്മാണം പൂർത്തിയായി ഉദ്ഘാടനത്തിന് തൊട്ടുമുൻപ് നിലംപൊത്തിയ പാലം: ഏഴാം വർഷത്തിലും കനിവില്ലാതെ അധികൃതർ; ദുരിതക്കയത്തിൽ നുച്യാട്-കോടാപറമ്പ് നിവാസികൾ

 നിർമ്മാണം പൂർത്തിയായി ഉദ്ഘാടനത്തിന് തൊട്ടുമുൻപ് നിലംപൊത്തിയ പാലം: ഏഴാം വർഷത്തിലും കനിവില്ലാതെ അധികൃതർ; ദുരിതക്കയത്തിൽ നുച്യാട്-കോടാപറമ്പ് നിവാസികൾ

BY: PRABHAKARAN KANNUR

കണ്ണൂർ: നാടിന്റെ പതിറ്റാണ്ടുകളായുള്ള സ്വപ്നം കണ്ണെത്താദൂരത്തേക്ക് മാഞ്ഞുപോയതിന്റെ കടുത്ത രോഷത്തിലാണ് ഉളിക്കൽ നിവാസികൾ. ഉദ്ഘാടനത്തിന് തൊട്ടുമുൻപ് തകർന്നുവീണ പാലം പുനർനിർമ്മിക്കാതെ അധികൃതർ തിരിഞ്ഞുനോക്കാതായതോടെ ജനങ്ങളുടെ യാത്രാദുരിതം ഏഴാം വർഷത്തിലേക്ക് കടക്കുകയാണ്. ഉളിക്കൽ പഞ്ചായത്തിലെ നുച്യാട്–കോടാപറമ്പ് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് വർഷങ്ങൾ കഴിഞ്ഞിട്ടും അധികൃതരുടെ അനാസ്ഥയ്ക്ക് ഇരയായി കിടക്കുന്നത്.

ഇരുപ്രദേശങ്ങളിലെയും ജനങ്ങൾ നടത്തിയ നിരന്തര പോരാട്ടങ്ങൾക്കൊടുവിൽ, എ.കെ. ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പാലം പണിതത്. എന്നാൽ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കി നാടിന് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, 2019 ഓഗസ്റ്റ് 9-ന് പാലം അപ്രതീക്ഷിതമായി തകർന്നു വീഴുകയായിരുന്നു.

ഗുണനിലവാരമില്ലാത്ത നിർമ്മാണവും അഴിമതിയുമാണ് അന്ന് ദുരന്തത്തിന് വഴിവെച്ചതെന്ന് ആരോപിച്ച് നാട്ടുകാർ വിജിലൻസിനെ സമീപിച്ചിരുന്നു. അന്വേഷണ ഏജൻസികളും ഉദ്യോഗസ്ഥരും എത്തി പരിശോധനകൾ നടത്തി മടങ്ങിയതല്ലാതെ, പുതിയൊരു പാലം നിർമ്മിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ പോലും ഏഴു വർഷമായിട്ടും ഉണ്ടായിട്ടില്ല. അധികൃതരുടെ ഈ നിഷ്ക്രിയത്വത്തിനെതിരെ ശക്തമായ ജനരോഷമാണ് പ്രദേശത്ത് ഇരമ്പുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News