മുതിർന്ന മാധ്യമപ്രവർത്തകൻ സുരേഷ് ഇ. നായർ തീവണ്ടി തട്ടി മരിച്ചു
സുരേഷ് ഇ. നായർ (50)

കുറ്റിപ്പുറം: മുതിർന്ന മാധ്യമപ്രവർത്തകനും കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയുമായ സുരേഷ് ഇ. നായർ (50) അന്തരിച്ചു. തവനൂർ മാണൂർ സ്വദേശിയായ ഇദ്ദേഹത്തെ ശനിയാഴ്ച രാത്രി തിരുനാവായ റെയിൽവേ സ്റ്റേഷന് സമീപം തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മാതൃഭൂമി ദിനപ്പത്രത്തിന്റെ കുറ്റിപ്പുറം ലേഖകനായി പ്രവർത്തിച്ചു വരികയായിരുന്നു. മുൻപ് ദീപിക, മാധ്യമം തുടങ്ങിയ പ്രമുഖ ദിനപ്പത്രങ്ങളിലും പ്രാദേശിക ലേഖകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുറ്റിപ്പുറം പ്രസ് ക്ലബിന്റെ ആദ്യകാല പ്രസിഡന്റായിരുന്ന അദ്ദേഹം നിലവിൽ സംഘടനയുടെ രക്ഷാധികാരിയാണ്.
മാധ്യമപ്രവർത്തനത്തിന് പുറമേ വട്ടംകുളം പോസ്റ്റ് ഓഫീസ് ജീവനക്കാരനായും പ്രവർത്തിച്ചിരുന്നു. കേരള കാറ്ററേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി കൂടിയായ സുരേഷ്, എടപ്പാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മയൂര’ കാറ്ററിങ് സ്ഥാപനത്തിന്റെ ഉടമയുമാണ്. തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
