മുതിർന്ന ചമയ കലാകാരൻ പാണ്ഡ്യൻ അന്തരിച്ചു; ചലച്ചിത്ര ലോകം ആദരാഞ്ജലി അർപ്പിച്ചു

 മുതിർന്ന ചമയ കലാകാരൻ പാണ്ഡ്യൻ അന്തരിച്ചു; ചലച്ചിത്ര ലോകം ആദരാഞ്ജലി അർപ്പിച്ചു

ചെന്നൈ: മലയാളം ഉൾപ്പെടെ വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിൽ അരനൂറ്റാണ്ടോളം മേക്കപ്പ് ആർട്ടിസ്റ്റായി തിളങ്ങിയ പ്രശസ്ത മുതിർന്ന ചമയ കലാകാരൻ പാണ്ഡ്യൻ (74) അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുഗു, കന്നഡ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

1955-ൽ നാഗർകോവിലിൽ വേലുവിന്റെയും തായമ്മയുടെയും മകനായി ജനിച്ച പാണ്ഡ്യൻ വേലു, 16-ാം വയസ്സിലാണ് സിനിമാരംഗത്തേക്ക് എത്തുന്നത്. നടൻ സത്യന്റെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായിരുന്ന കൃഷ്ണരാജിന്റെ സഹായിയായായിരുന്നു തുടക്കം. പിന്നീട് കെ.വി. ഭാസ്കരൻ, എം.ഒ. ദേവസ്യ, ബാലകൃഷ്ണൻ തുടങ്ങിയ പ്രമുഖരുടെ സഹായിയായി പ്രവർത്തിച്ചു.

സത്യൻ അന്തിക്കാടിന്റെ ആദ്യ ചിത്രമായ ‘കുറുക്കന്റെ കല്യാണം’ മുതൽ അദ്ദേഹത്തിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു പാണ്ഡ്യൻ. മുൻപ് ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് പാണ്ഡ്യൻ വിശ്രമത്തിലായിരുന്നപ്പോൾ, അദ്ദേഹം സുഖം പ്രാപിക്കുന്നത് വരെ സത്യൻ അന്തിക്കാട് ‘മനസ്സിനക്കരെ’യുടെ ഷൂട്ടിംഗ് നീട്ടിവെച്ചത് വലിയ വാർത്തയായിരുന്നു. സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ‘ഹൃദയപൂർവ്വ’മാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.

എൻ.ടി. രാമറാവു, എസ്.വി. രംഗറാവു, കൃഷ്ണ, രജനികാന്ത്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ പ്രമുഖ താരങ്ങൾക്കെല്ലാം കഥാപാത്രങ്ങളുടെ രൂപഭാവങ്ങൾ ഒരുക്കിയത് പാണ്ഡ്യനായിരുന്നു. കമൽ, സത്യൻ അന്തിക്കാട്, ജോഷി തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ‘യോദ്ധ’, ‘ആറാം തമ്പുരാൻ’, ‘ഭാഗ്യദേവത’, ‘അലിഭായ്’, ‘ബ്ലാക്ക്’, ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ പ്രവർത്തിച്ചു. പ്രിയ കലാകാരന്റെ വേർപാടിൽ ചലച്ചിത്ര ലോകം അനുശോചനം രേഖപ്പെടുത്തി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News