‘മുകുന്ദേട്ടൻ’ ഓർമ്മയായി.സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടം.

മുതിർന്ന സംഘപരിവാർ നേതാവ് പിപി മുകുന്ദൻ
കൊച്ചി: മുതിർന്ന സംഘപരിവാർ നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ രാവിലെ 8.10-ഓടെയായിരുന്നു അന്ത്യം. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു വിയോഗം. മൃതദേഹം ഉച്ചയ്ക്ക് 12 വരെ കലൂരിലെ ആർഎസ്എസ് കാര്യാലയത്തിൽ പൊതുദർശനത്തിന് ശേഷം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും. സംസ്ക്കാരം നാളെ വൈകീട്ട് നാലിന് കണ്ണൂർ മണത്തണ കുടുംബ ശമ്ശാനത്തിൽ. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ മാസം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പിപി മുകുന്ദന്റെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ മഹാമേരുവായ ഒരു നേതാവിനെയാണ് സംഘപരിവാർ പ്രസ്ഥാനങ്ങൾക്കു നഷ്ടമായത്. കേരളത്തിൽ കെജി മാരാർക്ക് ശേഷം ബിജെപിയുടെ ജനകീയമുഖങ്ങളിലൊരാളും കരുത്തുറ്റ നേതാവുമായി നിറഞ്ഞുനിന്ന, എല്ലാം പ്രസ്ഥാനത്തിനായി സമർപ്പിച്ച, കുടുംബജീവിതം പോലും വേണ്ടെന്നുവെച്ച സമർപ്പിത നേതൃത്വമായിരുന്നു പിപി മുകുന്ദന്റേത്.
കണ്ണൂർ കൊട്ടിയൂർ കൊളങ്ങരയത്ത് തറവാട്ടിൽ കൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെയും രണ്ടാമത്തെ പുത്രനായി 1946 ഡിസംബർ 9 നാണ് പി.പി. മുകുന്ദൻ ജനിച്ചത്. മണത്തല യുപി സ്കൂൾ, പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് മണത്തല ആർഎസ്എസ് ശാഖയിൽ സ്വയംസേവകനായത്. 1965 ൽ കണ്ണൂർ ജില്ലയിൽ പ്രചാരകനായി. 1967 ൽ ചെങ്ങന്നൂർ താലൂക്ക് പ്രചാരകനും 1972 മുതൽ തൃശൂർ ജില്ലാ പ്രചാരകനുമായി പ്രവർത്തിച്ചു.
മുതിർന്ന പ്രചാരകനായിരുന്ന പിപി മുകുന്ദനെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ശക്തിപ്പെടുത്തുന്നതിനാണ് രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്എസ്) സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയോഗിച്ചത്. ദീർഘകാലം ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു പിപി മുകുന്ദൻ. പ്രവർത്തകർ ‘മുകുന്ദേട്ടൻ’ എന്നു വിളിച്ചിരുന്ന പിപി മുകുന്ദൻ പാർട്ടി കടന്നാക്രമണം നേരിടുന്ന സന്ദർഭങ്ങളിലൊക്കെ മഹാമേരുവിനെപോലെ മുൻപിൽനിന്നു പ്രവർത്തകർക്ക് ആത്മധൈര്യം നൽകി.
2004ൽ കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, ആൻഡമാൻ നിക്കോബർ എന്നീ പ്രദേശങ്ങളുടെ ചുമതലയുള്ള മേഖലാ സംഘടനാ സെക്രട്ടറിയായി. 1988 മുതൽ 1995 വരെ ബിജെപി മുഖപത്രം ജന്മഭൂമിയുടെ മാനേജിങ് ഡയറക്ടറായിരുന്നു.
പത്ത് വർഷത്തോളം രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്നെങ്കിലും 2022ൽ ബിജെപിയിലേക്ക് തിരികെയെത്തി.
അവിവാഹിതനാണ്. പി.പി.ചന്ദ്രൻ, പി.പി.ഗണേശൻ, പരേതനായ കുഞ്ഞിരാമൻ എന്നിവർ സഹോദരങ്ങളാണ്.
മുഖ്യമന്ത്രി അനുശോചിച്ചു
പി പി മുകുന്ദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ സംഘപരിവാര്‍ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.