കരിങ്കൊടി പ്രതിഷേധം ;ഗവർണർ തൊടുപുഴ വന്നു മടങ്ങി.
തൊടുപുഴ :ജില്ല പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള 500പോലീസ്‌കാരുടെ കനത്ത കാവലിലായിരുന്നു നഗരം.എൽ ഡി എഫ് ഹർത്താലും എസ് എഫ് ഐ, ഡി വൈ എഫ് ഐ കരിങ്കൊടി പ്രതിഷേധത്തിനുമിടയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിൽ വന്നു മടങ്ങി.കരിങ്കൊടി പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഗവർണർ സുരക്ഷിതമായി മടങ്ങി.തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉത്ഘാടനം നിർവഹിക്കാനായിരുന്നു ഗവർണർ എത്തിയത്.പ്രതിഷേധക്കാരും പോലീസ്കാരും തമ്മിലുള്ള ധാരണ പ്രകടമായിരുന്നു എന്ന രീതിയിലായിരുന്നു കാര്യങ്ങൾ.യു ആർ നോട് വെൽകം എന്ന ബാന്നർ എസ് എഫ് ഐ കാർ ഉയർത്തിയിരുന്നു.അര മണിക്കൂർ നീണ്ട ഉത്ഘാടന പ്രസംഗത്തിൽ ഉടനീളം ഗവർണർ പതിവ് പോലെ സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നു.ഇന്നിവിടെ ഹർത്താലുണ്ടെന്ന് അറിയാമായിരുന്നുവെന്നും താൻ വെറും റബ്ബർ സ്റ്റാമ്പല്ലെന്നും ഭരണ ഘടന അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഗവർണർ പറഞ്ഞു.ഇതിന് മുൻപ് അഞ്ച് തവണ വധശ്രമം ഉണ്ടായിട്ടുണ്ടെന്നും അപ്പോഴില്ലാത്ത ഭയം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.35-മത്തെ വയസ്സിലായിരുന്നു ആദ്യ വധശ്രമം ഉണ്ടായത്. അന്നില്ലാത്ത ഭയം ഈ 72-മത്തെ വയസ്സിലില്ലെന്നും അദ്ദേഹം പറഞ്ഞു.ഭൂനിയമ ഭേദഗതി ബില്ലിനെ കുറിച്ച് വ്യാപകമായി പരാതികളുണ്ട്. അതിന്മേൽ വിശദീകരണം ചോദിച്ചിട്ടും സർക്കാർ ഇതുവരെയും മറുപടി തന്നില്ല. അതുകൊണ്ടാണ് ബില്ലിൽ ഒപ്പിടാത്തത്.അദ്ദേഹം വിശദീകരിച്ചു.

