മോദി സർക്കാരിന്റെ അവസാന ബജറ്റിന് സമ്മിശ്രപ്രതികരണം

ന്യൂഡൽഹി:
കേന്ദ്രധനകാര്യമന്ത്രി നിർമ്മലാസീതാരാമൻ അവതരിപ്പിച്ച രണ്ടാം മോദി ഗവൺമെന്റിന്റെ അവസാന ബജറ്റിന് സമ്മിശ്രപ്രതികരമാണ് ലഭിച്ചത്. കാർഷിക മേഖലയിൽ കോർപ്പറേറ്റ് വൽക്കരണം, ജനസംഖ്യാ വർധന പഠിക്കാൻ ഉന്നതതല സമിതി, 5 വർഷത്തിൽ 2 കോടി വീട് നിർമ്മിക്കും, നടപ്പ് വർഷം 7.3 ശതമാനം വളർച്ചനേടും, അടുത്ത വർഷം ധനക്കമ്മി 5.8 ൽ നിന്ന് 5.1 ശതമാനമാക്കും, 40,000 റെയിൽ ബോഗികൾ വന്ദേഭാരത് നിലവാരത്തിലാക്കും, ഒരു കോടി വീടുകളിൽ സോളാർ പദ്ധതി നടപ്പാക്കും, യുവജനങ്ങൾക്ക് പലിശരഹിത വായ്പ, 2047ൽ ഇന്ത്യയെ വികസിതഭാരതമാക്കും തുടങ്ങിയ കടലാസ് വാഗ്ദാനങ്ങളാണ് നിർമ്മലയുടെ ആറാം ബജറ്റിലുള്ളത്. ഇത് എങ്ങനെ പ്രാവർത്തികമാകും എന്നതാണ് സാമ്പത്തികവിദഗ്ദർ ഉറ്റുനോക്കുന്നത്. ‘മോദിയുടെ ഗാരന്റി’ ഇതിൽ ഏതിലാണ് പെടുകയെന്ന് രാജ്യം ആകാംഷയോടെ കാത്തിരിക്കുന്നു. ലക്ഷക്കണക്കിന് തസ്തികകൾ കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങളിൽ ഒഴിഞ്ഞു കിടക്കുമ്പോൾ എങ്ങനെയാണ് മെച്ചപ്പെട്ട തൊഴിലവസരങ്ങൾ നേടിയെടുക്കേണ്ടതെന്ന് ബജറ്റിലില്ല. സെൻസസിനും അനുബന്ധപ്രവർത്തനങ്ങൾക്കുമായി നീക്കിവച്ചത് 1200 കോടി രൂപയാണ്. 2021 ൽ നടക്കേണ്ട സെൻസ് സർവ്വേ അടുത്ത വർഷവും ഉണ്ടാകില്ലെന്ന് ഉറപ്പായി.ആകെകൂടി വിലയിരുത്തിയാൽ മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് നിരാശജനകമാണ്.

