ഛത്തീസ്ഗഢിൽ മതംമാറിയാൽ കടുത്ത ശിക്ഷ
റായ്പൂർ:
ഛത്തീസ്ഗഢിൽ വ്യവസ്ഥകൾക്ക് അനുസൃതമല്ലാത്ത മതംമാറ്റം ജാമ്യമില്ലാ കുറ്റമാക്കിക്കൊണ്ടുള്ള നിയമം കൊണ്ടുവരുമെന്ന് ബി ബിജെപി സർക്കാർ. ഇതിനുള്ള കരട് നിയമം തയ്യാറാക്കി. പത്തു വർഷംവരെ ജയിൽ ശിക്ഷ കിട്ടാവുന്ന കരടു നിയമം ഭേദഗതി ചെയ്ത് ഉടൻ നിയമസഭയിൽ കൊണ്ടുവരും. സംസ്ഥാനത്ത് ക്രിസ്ത്യൻ മിഷനറിമാരുടെ നേതൃത്വത്തിൽ മതപരിവർത്തനം സജീവമായ പശ്ചാത്തലത്തിലാണ് പുതിയ നിയമം കൊണ്ടുവരാൻ പോകുന്നതെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പ്രസ്താവിച്ചു. മതം മാറുന്നവർ 60 ദിവസം മുമ്പ് വ്യക്തിവിവരങ്ങളടങ്ങിയ അപേക്ഷ ജില്ലാ മജിസ്ട്രേറ്റിന് സമർപ്പിക്കണം. ചട്ടവിരുദ്ധമായാണ് മതംമാറ്റമെന്ന് മജിസ്ട്രേട്ടിന് ബോധ്യപ്പെട്ടാൽ അസാധുവാക്കാം. രക്തബന്ധമോ ദത്തെടുക്കൽവഴി ബന്ധമോ ഉള്ളവർക്ക് മതംമാറ്റത്തെ എതിർക്കാം. പരാതിയിൽ കേസെടുത്താൽ ജാമ്യമില്ലാക്കുറ്റം ചുമത്താം. പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, പട്ടികജാതി – വർഗ വിഭാഗങ്ങളെ ചട്ടവിരുദ്ധമായി മതംമാറ്റിയാൽ രണ്ടു മുതൽ പത്തു വർഷംവരെ തടവും 25000 രൂപ പിഴയും ഈടാക്കും.