വനിതാ പ്രീമിയർ ക്രിക്കറ്റ് ലീഗ് നാളെ മുതൽ
ബംഗളുരു:
വനിതാ പ്രീമിയർ ക്രിക്കറ്റ് ലീഗിന് നാളെ ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടക്കം.രണ്ടാം പതിപ്പിലെ ആദ്യകളി രാത്രി 7.30 ന് ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും റണ്ണറപ്പായ ഡൽഹി ക്യാപിറ്റൽസും തമ്മിലാണ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ, യു പി വാരിയേഴ്സ്, ഗുജറാത്ത് ജയന്റ്സ് എന്നിവയാണ് മറ്റു ടീമുകൾ. സ്പോർട്സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും തത്സമയം കാണാം. ഹർമൻ പ്രീത് കൗറാണ് മുംബൈ ക്യാപ്റ്റൻ. മലയാളിയായ എസ് സജന ആദ്യമായി ലീഗിൽ കളിക്കും. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ്. മറ്റ് മൂന്ന് ടീമുകൾക്കും ഓസ്ട്രേലിയൻ താരങ്ങളാണ് നായികമാർ. ഡൽഹിയെ മെഗ് ലാന്നിങും,ഗുജറാത്ത് ജയന്റ്സിനെ ബെത്ത് മൂണിയും,യു പി വാരിയേഴ്സിനെ അലിസ ഹീലിയും നയിക്കും. തുടർച്ചയായി രണ്ടാം വർഷവും മലയാളി ഓൾറൗണ്ടർ മിന്നു മണി ഡൽഹി നിരയിലുണ്ട്.