നിയമപണ്ഡിതൻ ഫാലി എസ് നരിമാൻ അന്തരിച്ചു

ന്യൂഡൽഹി:
ഇന്ത്യയിലെ പ്രമുഖ ഭരണഘടനാവിദഗ്ദനും, നിയമപണ്ഡിതനും, മുതിർന്ന അഭിഭാഷകനുമായ ഫാലി എസ് നരിമാൻ (95)അന്തരിച്ചു. ഡൽഹിയിലെ സ്വവസതിയിൽ ബുധനാഴ്ച പുലർച്ചെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. 1929 ജനുവരി 10 ന് ബർമ്മയിലെ റങ്കൂണിലായിരുന്നു ജനനം. ആദർശധീരനായ നരിമാൻ അധികാര മോഹിയായിരുന്നില്ല. 1975 ജൂൺ 26 ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ പദവി രാജിവച്ചിരുന്നു. 1950ൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടിസ് ആരംഭിച്ചു. 1970ൽ സുപ്രീംകോടതി അഭിഭാഷകനായി. യൂണിയൻ കാർബൈഡ് ദുരന്തത്തിൽപ്പെട്ടവർക്കുവേണ്ടി കോടതിക്ക് പുറത്ത് മധ്യസ്ഥ ചർച്ചകളിലൂടെ നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. 1991ൽ പത്മഭൂഷൻ, 2007ൽ പത്മവിഭൂഷൻ എന്നീ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1999മുതൽ 2005വരെ രാജ്യസഭാംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ബാപ്സി എഫ് നരിമാൻ . മകൻ : മുൻ സുപ്രീംകോടതി ജഡ്ജിയായിരുന്ന റോഹിന്റൺ നരിമാൻ. മകൾ : അനഹീത നരിമാൻ.