സ്വാമിയേ ശരണമയ്യപ്പാ വിളിച്ച് നരേന്ദ്ര മോദി പത്തനംതിട്ടയിൽ

പത്തനംതിട്ട:
ഇത്തവണ കേരളത്തിൽ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് എൻഡിഎയിൽനിന്ന് വിജയിക്കുന്നവരുടെ എണ്ണം രണ്ടക്കം കടക്കുമെന്നും രാജ്യത്ത് ഇത്തവണ നാനൂറിലധികം സീറ്റുകൾ നേടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തിയ പ്രധാനമന്ത്രി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ‘സ്വാമിയെ ശരണമയ്യപ്പാ’ എന്ന് ശരണംവിളിച്ചുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.
‘കേരളത്തിൽ അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ സർക്കാരുകളാണ് മാറിമാറിവരുന്നത്. കേരളത്തിലെ റബർ കർഷകർ വളരെ ബുദ്ധിമുട്ടുന്നു. എൽഡിഎഫും യുഡിഎഫും ഇക്കാര്യത്തിൽ കണ്ണടച്ചിരിക്കുകയാണ്. കേരളത്തിൽ നിയമസംവിധാനം മോശമാണ്. ക്രൈസ്തവ പള്ളികളിലെ പുരോഹിതരടക്കം അക്രമത്തിന് ഇരയാവുന്നു. കേരളത്തിലെ കോളേജുകൾ കമ്മ്യൂണിസ്റ്റുകാരുടെ താവളമായി മാറിയിരിക്കുകയാണ്. ജനങ്ങൾ ഭയത്തിലാണ് ജീവിക്കുന്നത്. കേരളത്തിലെ ഈ മോശം സ്ഥിതിയ്ക്ക് മാറ്റം വരണമെങ്കിൽ മാറിമാറി വരുന്ന സർക്കാരുകൾ ഇല്ലാതാകണം. എന്നാൽ, മാത്രമേ കേരളത്തിന് മോചനം ഉണ്ടാകൂ’- പ്രധാനമന്ത്രി പറഞ്ഞു.