വിവാഹവാഗ്ദാനം നൽകി തെറ്റിദ്ധരിപ്പിച്ചെന്ന് പറയണമെങ്കില്‍ അതിന് വ്യക്തമായ തെളിവ് വേണം :ഡൽഹി ഹൈകോടതി

ശാരീരിക ബന്ധം ഒരു സ്ത്രീയുടെ യുക്തിസഹമായ തെരഞ്ഞെടുപ്പിലൂടെ സംഭവിച്ചതാണെങ്കില്‍ പുരുഷന്‍ തെറ്റിദ്ധരിപ്പിച്ച് സമ്മതം നേടിയെടുത്തെന്ന് പറയാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹവാഗ്ദാനം നൽകി തെറ്റിദ്ധരിപ്പിച്ചെന്ന് പറയണമെങ്കില്‍ അതിന് വ്യക്തമായ തെളിവ് വേണമെന്നും കോടതി പറഞ്ഞു. ബലാത്സംഗ കേസ് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അനൂപ് കുമാര്‍ മെന്ദിരത്തയുടെ നിരീക്ഷണങ്ങൾ.
‘അനന്തരഫലം പൂര്‍ണമായി മനസിലാക്കിയ ശേഷം ഒരു സ്ത്രീ ലൈംഗിക ബന്ധത്തിലേര്‍പ്പെടാൻ യുക്തിസഹമായ തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍, പുരുഷന്‍ തെറ്റിദ്ധരിപ്പിച്ചാണ് ലൈംഗികബന്ധത്തിന് സമ്മതം നേടിയതെന്ന് പറയാനാകില്ല. അല്ലെങ്കില്‍, പാലിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു വ്യാജവാഗ്ദാനം നല്‍കിയാണ് ലൈംഗികബന്ധത്തിന് സമ്മതം നേടിയത് എന്നതിന് വ്യക്തമായ തെളിവുകള്‍ വേണം. കൂടാതെ വാഗ്ദാനം ആ സമയത്ത് പ്രസക്തമായതും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സ്ത്രീയുടെ സമ്മതവുമായി നേരിട്ട് ബന്ധമുള്ളതുമായിരിക്കുകയും വേണം’- ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു.