ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരിയായ ആൻ ടെസ്സ ജോസഫ് തിരികെ കേരളത്തിലെത്തി

ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ പതാകയുള്ള കപ്പലിലെ മലയാളിയായ ജീവനക്കാരി വ്യാഴാഴ്ച കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങിയതായി സർക്കാർ അറിയിച്ചു. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ സ്വീകരിച്ചു.
കപ്പലിൽ 17 ഇന്ത്യക്കാരാണ് ആകെയുണ്ടായിരുന്നുന്നത്. മറ്റു പതിനാറ് പേരെയും ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പ് നൽകി. ഇവരിൽ 4 പേർ മലയാളികളാണ്.
ഒരുവർഷം മുൻപാണ് ആൻ ടെസ മുംബൈയിലെ എംഎസ്സി ഷിപ്പിങ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി 9 മാസം മുൻപാണ് ഈ കപ്പലിൽ എത്തിയത്.
കഴിഞ്ഞയാഴ്ച ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ സൈന്യം പിടികൂടിയ എംഎസ്സി ഏരീസ് എന്ന കണ്ടെയ്നർ കപ്പലിൽ ഉണ്ടായിരുന്ന 17 ഇന്ത്യൻ പൗരന്മാരിൽ ആൻ ടെസ്സ ജോസഫും ഉണ്ടായിരുന്നു.