ചാവക്കാട് സബ് ജയിലിൽ നിന്ന് ചാടിപ്പോയ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

 ചാവക്കാട് സബ് ജയിലിൽ നിന്ന് ചാടിപ്പോയ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

ചാവക്കാട്:

ചാവക്കാട് സബ് ജയിലിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട റിമാൻഡ് പ്രതിയെ ഗുരുവായൂർ പൊലീസ് പിടികൂടി. മലപ്പുറം എടക്കര സ്വദേശി പുതിയത്ത് ശ്രീരാജ് (22) ആണ് ജയിൽ അധികൃതരെ വെട്ടിച്ച് കടന്നുകളഞ്ഞത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സിനിമാ സ്റ്റൈലിലുള്ള ഈ രക്ഷപ്പെടൽ അരങ്ങേറിയത്.

ജയിലിലെ സെല്ലിന് പുറത്തുള്ള എക്‌ഹോസ്റ്റ് ഫാൻ പ്രവർത്തനരഹിതമായതിനെ തുടർന്ന് അത് നന്നാക്കാനായി അധികൃതർ ശ്രീരാജിനെ ചുമരിന് മുകളിലേക്ക് കയറ്റിവിടുകയായിരുന്നു. ഓടുമേഞ്ഞ കെട്ടിടത്തിന്റെ മുകളിൽ ഫാനിരിക്കുന്ന ഭാഗത്തേക്ക് കയറിയ പ്രതിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെയാണ് അധികൃതർക്ക് പരിഭ്രാന്തിയായത്. കെട്ടിടത്തിന് മുകളിൽ നിന്ന് സമീപത്തെ മരത്തിലേക്ക് ചാടിക്കയറി സബ് രജിസ്ട്രാർ ഓഫീസ് വളപ്പിലൂടെ ഇയാൾ രക്ഷപ്പെട്ടതായാണ് പ്രാഥമിക നിഗമനം.

സംഭവത്തെത്തുടർന്ന് ചാവക്കാട്, ഗുരുവായൂർ മേഖലകളിൽ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ഒടുവിൽ രാത്രി പത്തു മണിയോടെ ഗുരുവായൂരിൽ വെച്ച് പ്രതിയെ പൊലീസ് സംഘം വലയിലാക്കി. പറവട്ടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ ശ്രീരാജിനെ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ജയിലിലെത്തിച്ചത്. സുരക്ഷാ വീഴ്ചയെക്കുറിച്ച് ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News