യുവനടിയുടെ പീഡന പരാതി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ
കൊച്ചി:
യുവനടിയുടെ പീഡന പരാതിയിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴയിൽ വെച്ചാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നടിയാണ് പരാതിക്കാരി.
രണ്ട് ദിവസം മുൻപാണ് നടി രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതി നൽകിയത്. ഇതേത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം പൊലീസ് നിരീക്ഷണത്തിലായിരുന്നു. എസ്പിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം നടത്തിയ നീക്കത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തൊടുപുഴയിൽ വെച്ച് ‘പണി’ എന്ന സിനിമയിലെ നടൻ ബോബി കുര്യന്റെ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് രഞ്ജിത്തിനെ പൊലീസ് സംഘം പിടികൂടിയത്. ഈ സമയത്ത് ബോബി കുര്യനും ഒപ്പമുണ്ടായിരുന്നു. തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന രഞ്ജിത്തിനെ പിന്നീട് കൊച്ചി പൊലീസിന് കൈമാറി. വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം രഞ്ജിത്തിനെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
