കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
കേരളപ്പിറവി ദിനത്തിൽ സംസ്ഥാനം അതിദാരിദ്ര്യമുക്തമായതായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയുടെ പ്രത്യേക സമ്മേളനത്തിൽ നടന്ന പ്രഖ്യാപനത്തെ പി.ആർ. തട്ടിപ്പെന്നാരോപിച്ച് പ്രതിപക്ഷം ബഹിഷ്കരിച്ചു. 2021-ല്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ എടുത്ത പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന് മുഖ്യമന്ത്രി ഓർമപ്പെടുത്തി.
ഇതേത്തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ തന്നെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്താനുള്ള പ്രക്രിയ ആരംഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) ന്‍റെ നേതൃത്വത്തില്‍ ഇത്തരം കുടുംബങ്ങളെ കണ്ടെത്താനായി നിയമസഭാംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ സജീവ ജനപങ്കാളിത്തത്തോടെയാണ് ഈ പ്രക്രിയ നടന്നത്.
