വിശക്കുന്ന വയറിന് മുമ്പില്‍ ഒരു വികസനത്തിനും വിലയില്ല: മമ്മൂട്ടി
തിരുവനന്തപുരം:
അതിദാരിദ്ര്യ മുക്ത കേരളം എന്ന പ്രഖ്യാപന വേദിയില്‍, സംസ്ഥാനത്തിന്‍റെ സാമൂഹിക നേട്ടങ്ങളെ അഭിനന്ദിച്ചും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞും നടന്‍ മമ്മൂട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തിയ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത അദ്ദേഹം, ‘ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനമുണ്ടെങ്കിലും, വിശക്കുന്ന വയറിന് മുമ്പില്‍ ഒരു വികസനത്തിനും വിലയില്ല’ എന്ന് പ്രസ്താവിച്ചു. വികസന പദ്ധതികള്‍ വിശക്കുന്ന വയറുകള്‍ കണ്ടുതന്നെ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏകദേശം എട്ടോ ഒമ്പതോ മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് താന്‍ ഒരു പൊതുവേദിയില്‍ എത്തുന്നത് എന്ന് മമ്മൂട്ടി പറഞ്ഞു. ഈ ചെറിയ കാലയളവിനുള്ളില്‍ പോലും സംസ്ഥാനത്ത് നിരവധി കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
അതിദാരിദ്ര്യ മുക്തമായ പ്രഖ്യാപനം നടത്തുന്നതിലൂടെ മുഖ്യമന്ത്രി വലിയൊരു ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. ‘അതിദാരിദ്ര്യത്തില്‍നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളൂ. ദാരിദ്ര്യം ഇനിയും നമ്മുടെ മുന്നില്‍ ബാക്കിയാണ്.’ ഒരുപാട് പ്രതിസന്ധികളെ കേരള ജനത തോളോട് തോള്‍ ചേര്‍ന്ന് അതിജീവിച്ചതുപോലെ, ദാരിദ്ര്യത്തിനെതിരെയും സാഹോദര്യത്തോടെ പോരാടാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
എല്ലാവര്‍ക്കും കേരളപ്പിറവിയും ഇന്ന് ജനിച്ച എല്ലാവര്‍ക്കും ജന്മദിനവും ആശംസിച്ചുകൊണ്ടാണ് അദ്ദേഹം തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.
അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപന റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടന്‍ മമ്മൂട്ടിക്ക് കൈമാറുകയും ചടങ്ങില്‍ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.
