തലസ്ഥാനം കാത്തിരിക്കുന്നു: രാഷ്ട്രപതിയുടെ സന്ദർശനവും നാവിക ശക്തിപ്രകടനവും നാളെ
തിരുവനന്തപുരം:
54-ാമത് നാവിക ദിനാഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യൻ നാവികസേനയുടെ ശക്തിപ്രകടനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു നാളെ (ഡിസംബർ 3) തിരുവനന്തപുരത്തെത്തും. നാളെ രാവിലെ 10 മണിക്ക് വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിക്കും.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖർ, ചീഫ് സെക്രട്ടറി ജയതിലക് എന്നിവർ സ്വീകരണ സംഘത്തിൽ ഉണ്ടാകും. തിരുവനന്തപുരത്ത് ആദ്യമായി നടക്കുന്ന നാവികസേനാ ദിനാഘോഷ ചടങ്ങുകൾക്ക് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠിയും നാളെ തലസ്ഥാനത്ത് എത്തും.
കടലിലെ വിസ്മയം: ഐഎൻഎസ് വിക്രാന്തും മറ്റ് യുദ്ധക്കപ്പലുകളും
ശംഖുമുഖം തീരത്ത് നടക്കുന്ന നാവികസേനയുടെ അഭ്യാസപ്രകടനത്തിൽ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധക്കപ്പലുകൾ അണിനിരക്കും. ഐഎൻഎസ് ഇംഫാൽ, ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് ത്രിശൂൽ, ഐഎൻഎസ് തൽവാർ എന്നീ പടക്കപ്പലുകളും, പായ്ക്കപ്പലുകളായ ഐഎൻഎസ് തരംഗിണി, ഐഎൻഎസ് സുദർശിനി എന്നിവയും ശക്തിപ്രകടനത്തിൽ പങ്കുചേരും. മിസൈൽ കില്ലർ ബോട്ടുകളും അന്തർവാഹിനിയും തീരക്കടലിൽ വിസ്മയ കാഴ്ചയൊരുക്കും.
ഐഎൻഎസ് വിക്രാന്തിൽനിന്നുള്ള മിഗ് വിമാനങ്ങളുടെ ടേക്ക് ഓഫ്, എയർ ലിഫ്റ്റിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ സാഹസിക പ്രകടനങ്ങൾ ശംഖുമുഖം തീരത്ത് കാണാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്.
രാജ്ഭവൻ ഇനി ‘ലോക്ഭവൻ’
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും രാജ്ഭവനിലേക്ക് പോകുന്ന രാഷ്ട്രപതി, ഗവർണറുടെ ഔദ്യോഗിക വസതിക്ക് ‘ലോക്ഭവൻ’ എന്ന് പുതുതായി പേര് നൽകി ഉദ്ഘാടനം ചെയ്യും. നേരത്തെ ഡിസംബർ 4-ന് നിശ്ചയിച്ചിരുന്ന നാവികസേനാ ദിനാഘോഷം, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ്റെ ഇന്ത്യാ സന്ദർശനം പരിഗണിച്ച് ഡിസംബർ 3-ലേക്ക് പുനഃക്രമീകരിക്കുകയായിരുന്നു.
ഗതാഗത ക്രമീകരണങ്ങൾ
ശംഖുമുഖം തീരത്തെ പരിപാടി കാണാൻ 40,000 പേർക്ക് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മണിക്ക് രാഷ്ട്രപതി വിമാനത്താവളത്തിൽ എത്തുന്നതുമുതൽ നഗരത്തിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് അറിയിച്ചു.
പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ശംഖുമുഖം റോഡിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ലെന്നും പോലീസ് അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയ 24 പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്നും ശംഖുമുഖം തീരത്തേക്ക് കെഎസ്ആർടിസി ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി 0471 2558731, 9497990005 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
