പരാതിരഹിത വോട്ടെണ്ണല്‍ ഉറപ്പാക്കണം: ജില്ലാ കലക്ടര്‍
റിപ്പോർട്ട് : ചെമ്പകശ്ശേരി ചന്ദ്രബാബു
തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസംബര്‍ 13ന് രാവിലെ എട്ടുമുതല്‍ ആരംഭിക്കുന്ന വോട്ടെണ്ണലില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും പരാതി രഹിത വോട്ടെണ്ണല്‍ ഉറപ്പാക്കണമെന്നും ജില്ല കലക്ടര്‍ എന്‍ ദേവിദാസ്.
വോട്ടെണ്ണലിനായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കായി കലക്ടറേറ്റില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യവേ വോട്ടെണ്ണല്‍ ദിനം ആദ്യം എണ്ണേണ്ടത് പോസ്റ്റല്‍ ബാലറ്റുകളാണെന്നും വ്യക്തമാക്കി. ഫോം 16 ഇല്ലാത്തവ, അപൂര്‍ണമായ വിവരങ്ങള്‍, സാക്ഷ്യപത്രങ്ങള്‍ കൃത്യമല്ലാത്ത പോസ്റ്റല്‍ ബാലറ്റുകള്‍ അസാധുവാകും.
അതത് വരണാധികാരികളുടെ നേതൃത്വത്തിലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ കൃത്യസമയത്ത് രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ തുറക്കണം. ഓരോ സ്ഥാനാര്‍ത്ഥിക്കും കിട്ടിയ വോട്ടുകളുടെ എണ്ണം ഫോം 24 ലെ രണ്ടാം ഭാഗത്തില്‍ രേഖപ്പെടുത്തണം. വോട്ടെണ്ണല്‍ സംബന്ധിച്ച തിരഞ്ഞെടുപ്പ് രേഖകള്‍ സീല്‍ ചെയ്ത് ആറു മാസം വരെ സൂക്ഷിക്കണം; വോട്ടിംഗ് മെഷീനോടൊപ്പമുള്ള ഡി.എം.എം (ഡിറ്റാച്ചബിള്‍ മെമ്മറി മൊഡ്യൂള്‍) ട്രഷറിയില്‍ സൂക്ഷിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ട്രെന്‍ഡ് സോഫ്റ്റ് വെയറില്‍ തത്സമയം വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എ ഡി എം ജി നിര്‍മല്‍ കുമാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി ജയശ്രീ, സൂപ്രണ്ട് രമേശ് മാധവന്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
