സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക മരണം

തിരുവനന്തപുരം:
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരണം,. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കൊല്ലം സ്വദേശിയാണ് മരിച്ചത്.കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ രോഗം മുർച്ഛിച്ചതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാളുടെ വീട്ടിലെ കിണറ്റിലെ വെള്ളത്തിൽ പരിശോധന നടത്തിയപ്പോൾ രോഗത്തിന് കാരണമായ ബാക്ടീരിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
സംസ്ഥാനത്ത് ഒക്ടോബറിൽ മാത്രം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസവും ഒരു മരണം സ്ഥിരീകരിച്ചിരുന്നു. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയായ 48കാരനാണ് മരിച്ചത്. കാലാവസ്ഥാ വ്യതിയാനവും പരിശോധനകൾ വർധിച്ചതും അമീബിക് മസ്തിഷ്കജ്വരം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.
ചൂട് കൂടിയത് രോഗകാരിയായ അമീബയുടെ സാന്നിധ്യം വർധിപ്പിച്ചു. സമാനമായ ലക്ഷണങ്ങളുള്ള എല്ലാ കേസുകളിലും അമീബിക് മസ്തിഷ്കജ്വരത്തിനുള്ള പരിശോധന നടത്തുന്നത് കൂടുതൽ കേസുകൾ കണ്ടെത്താൻ സഹായകമാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.