ഋത്വിക് ഘട്ടക് പ്രദർശനം IFFK-യിൽ തുടങ്ങി; ജന്മശതാബ്ദിക്ക് ആദരം
തിരുവനന്തപുരം:
വിഖ്യാത ചലച്ചിത്രകാരൻ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി വർഷത്തിൽ അദ്ദേഹത്തിന് ആദരമർപ്പിച്ച് രാജ്യാന്തര ചലച്ചിത്ര മേള (IFFK) വേദിയിൽ പ്രദർശനം തുടങ്ങി.
ടാഗോർ പരിസരത്ത് പ്രശസ്ത ബംഗാളി സംവിധായകൻ ഗൗതം ഘോഷ് ആണ് പ്രദർശനോദ്ഘാടനം നിർവഹിച്ചത്.
ഇന്ത്യൻ സിനിമയിൽ ഘട്ടക്കിന്റെ സ്വാധീനവും മനുഷ്യാവസ്ഥകളെ ചിത്രീകരിക്കുന്നതിലുള്ള മികവും കാണിക്കുന്ന നിശ്ചല ദൃശ്യങ്ങളാണ് പ്രദർശനത്തിലുള്ളത്. ഘട്ടക്കിന്റെ പ്രശസ്ത സിനിമകളിൽ നിന്നുള്ളതും അദ്ദേഹത്തിന്റേതുമായ ചിത്രങ്ങളാണിവ. ലോകസിനിമയ്ക്ക് ഘട്ടക്ക് നൽകിയ സംഭാവനകളെയും അദ്ദേഹം സിനിമയിൽ അനുവർത്തിച്ച അർത്ഥവത്തും ഫലപ്രദവുമായ കഥപറച്ചിൽ പാരമ്പര്യത്തെയും ഈ ദൃശ്യങ്ങൾ ഊട്ടിയുറപ്പിക്കുന്നു.
സംസ്ഥാന ചലച്ചിത്ര അക്കാദമിയും പശ്ചിമ ബംഗാൾ സർക്കാർ ഇൻഫർമേഷൻ ആൻ്റ് കൾച്ചറൽ വകുപ്പും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
സി.എസ്. വെങ്കിടേശ്വരൻ എഴുതിയ ഋത്വിക്ക് ഘട്ടക്കിനെ കുറിച്ചുള്ള പുസ്തകം ഗൗതം ഘോഷ് ബീന പോളിന് നൽകി പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, സെക്രട്ടറി സി. അജോയ്, കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

