ഗോപന് സ്വാമിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുടുംബം ഏറ്റുവാങ്ങി,സംസ്കാരം നാളെ

തിരുവനന്തപുരം ബാലരാമപുരത്തെ ഗോപന് സ്വാമിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുടുംബം ഏറ്റുവാങ്ങി. ഇന്ന് രാത്രി നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും. വിപുലമായ ചടങ്ങുകളോടെ മഹാസമാധിയായാണ് ഗോപന് സ്വാമിയുടെ മൃതദേഹം സംസ്കരിക്കുക.
ദുരൂഹതകൾ നിരഞ്ഞുനിന്നിരുന്നെങ്കിലും നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ.ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്കും അയക്കും. ഇതിന്റെ പരിശോധനാഫലം ലഭിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും.
വ്യാഴാഴ്ച രാവിലെയാണ് ഗോപന് സ്വാമിയെ അടക്കം ചെയ്ത കല്ലറ പോലീസ് തുറന്നത്. ഗോപന് സ്വാമിയെ സമാധിയിരുത്തിയതാണ് എന്നാണ് കുടുംബം പറഞ്ഞിരുന്നത്. സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ രാവിലെ ഏഴുമണിയോടെ കല്ലറയുടെ സ്ലാബ് പൊളിച്ചപ്പോള്‍ ഇരിക്കുന്ന നിലയില്‍ ഗോപന് സ്വാമിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.