ശബരിമല സ്വര്‍ണക്കൊള്ള:മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ

തിരുവനന്തപുരം:
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്പോൺസർ ഉണ്ണികൃഷ്ണന് പോറ്റിയെ അറസ്റ്റ് ചെയ്തു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഉണ്ണികൃഷ്ണന് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഉണ്ണികൃഷ്ണന് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണനെ നാളെ കോടതിയില്‍ ഹാജരാക്കും. ജനറൽ ആശുപത്രിയിലെത്തി വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വിശദമായ ചോദ്യം ചെയ്യലിനായി ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് എസ്ഐടി അറിയിച്ചു. കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച എസ്ഐടി നിലവിൽ രണ്ട് കേസുകളാണ് അന്വേഷിക്കുന്നത്. അതിലൊന്ന് ദ്വാരപാലക വിഗ്രഹങ്ങളിൽ നിന്ന് സ്വർണം കാണാതായതും മറ്റൊന്ന് ശ്രീകോവിൽ വാതിൽ ഫ്രെയിമുകളിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസുമാണ്.
2019-ൽ ദ്വാരപാലക വിഗ്രഹങ്ങളുടെയും ശ്രീകോവിൽ വാതിൽ ഫ്രെയിമുകളുടെയും സ്വർണ്ണം പൂശിയ ചെമ്പ് പ്ലേറ്റുകൾ ഇലക്ട്രോപ്ലേറ്റിംഗിനായി പോറ്റിക്ക് കൈമാറിയതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി) അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും പങ്കുണ്ടോ എന്നും എസ്ഐടി ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.
നേരത്തെ, ടിഡിബി വിജിലൻസ് വിഭാഗം പോറ്റിയെ രണ്ട് ദിവസം ചോദ്യം ചെയ്യുകയും പ്രാഥമിക അന്വേഷണത്തിനിടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി എസ്ഐടിക്ക് ആറ് ആഴ്ചത്തെ സമയപരിധിയാണ് നൽകിയിട്ടുള്ളത്.