വീയപുരം: പഞ്ചായത്ത് പിടിക്കാൻ ഒരേ വീട്ടിൽ നിന്ന് രണ്ട് പോരാളികൾ!
ഭരണത്തുടർച്ചയ്ക്ക് വേണ്ടി വൈസ് പ്രസിഡന്റും ഭാര്യയും രണ്ട് വാർഡിൽ മാറ്റുരയ്ക്കുന്നു!
ആലപ്പുഴ ജില്ലയിലെ വീയപുരം ഗ്രാമപഞ്ചായത്ത് ഇത്തവണ ശ്രദ്ധാകേന്ദ്രമാകുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരേ പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ സ്ഥാനാർത്ഥികളായി മത്സരിക്കുന്നത് വൈസ് പ്രസിഡന്റ് പി.എ. ഷാനവാസും അദ്ദേഹത്തിന്റെ ഭാര്യ സൗദാ ഷാനവാസുമാണ്. വികസനത്തിന്റെ തുടർച്ചയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇരുവരും പ്രഖ്യാപിക്കുന്നു.
രണ്ടാം വാർഡിൽ താൻ പ്രതിനിധാനം ചെയ്തിരുന്ന സീറ്റ് വനിതാ സംവരണമായതോടെയാണ് ഷാനവാസ് ഭാര്യ സൗദയെ മത്സരരംഗത്തിറക്കിയത്. അതേസമയം, ഷാനവാസ് 13-ാം വാർഡിലാണ് ജനവിധി തേടുന്നത്. ഇരുവരും സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് മത്സരിക്കുന്നത്.
ഷാനവാസിന്റെ വോട്ട്-ചരിത്രം
നേരത്തെ രണ്ടാം വാർഡിൽ സ്വതന്ത്രനായി മത്സരിച്ച ഷാനവാസ്, ഇരു മുന്നണികളെയും ഞെട്ടിച്ച് 187 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് ഗ്രാമപഞ്ചായത്ത് അംഗമാവുകയും, തുടർന്ന് വൈസ് പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുകയും ചെയ്ത വ്യക്തിയാണ്. താൻ പ്രതിനിധാനം ചെയ്ത രണ്ടാം വാർഡിൽ രണ്ട് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ഷാനവാസിന്റെ അവകാശവാദം. ഈ വികസന നേട്ടങ്ങൾ തനിക്ക് മുതൽക്കൂട്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം 13-ാം വാർഡിൽ മത്സരിക്കുന്നത്.
അവാർഡ് തിളക്കം
അടിസ്ഥാന സൗകര്യ വികസനത്തിന് ദേശീയ അവാർഡ് ഉൾപ്പെടെ ഏഴോളം പുരസ്‌കാരങ്ങൾ പഞ്ചായത്തിന് നേടിക്കൊടുക്കാൻ കഴിഞ്ഞതിലും, പഞ്ചായത്തിന്റെ വികസനത്തിൽ പങ്കാളിയായതിലും ഷാനവാസിന് അഭിമാനമുണ്ട്. കൂടാതെ, ഡോക്ടർ ബി.ആർ. അംബേദ്ക്കർ പുരസ്ക്കാരവും, ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്ക്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
വികസനത്തുടർച്ചയ്ക്ക് വേണ്ടി സൗദാ ഷാനവാസിന് വോട്ട് ചെയ്യണമെന്ന് വോട്ടർമാരോട് അഭ്യർത്ഥിച്ചുകൊണ്ടാണ് ഈ ദമ്പതിമാർ തെരഞ്ഞെടുപ്പ് ഗോദയിൽ ശക്തമായ പോരാട്ടം നടത്തുന്നത്.
