കൊച്ചിയിൽ പൊലീസ് ക്രൂരത: ഗർഭിണിയെ മർദിച്ച സിഐക്ക് സസ്പെൻഷൻ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

 കൊച്ചിയിൽ പൊലീസ് ക്രൂരത: ഗർഭിണിയെ മർദിച്ച സിഐക്ക് സസ്പെൻഷൻ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി:

നീതി തേടി പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ മർദിച്ച സംഭവത്തിൽ എറണാകുളം നോർത്ത് സ്റ്റേഷനിലെ എസ്എച്ച്ഒ പ്രതാപചന്ദ്രനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെട്ടാണ് നടപടിക്ക് ഉത്തരവിട്ടത്.

2024 ജൂൺ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ പൊതുസ്ഥലത്ത് വെച്ച് രണ്ടുപേരെ മർദിക്കുന്നത് യുവതിയുടെ ഭർത്താവ് ബെഞ്ചമിൻ മൊബൈലിൽ പകർത്തിയിരുന്നു. ഇതേത്തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് സ്റ്റേഷനിലെത്തിയതായിരുന്നു ഷൈമോളും കൈക്കുഞ്ഞുങ്ങളും. എന്നാൽ, സ്റ്റേഷനിൽ വെച്ച് സിഐ പ്രതാപചന്ദ്രൻ യുവതിയുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് അവരുടെ മുഖത്തടിക്കുകയും നെഞ്ചിൽ പിടിച്ചുതള്ളുകയും ചെയ്തു.

യുവതി ഉദ്യോഗസ്ഥനെ മർദിച്ചു എന്നായിരുന്നു പൊലീസ് ആദ്യം നൽകിയ വിശദീകരണം. എന്നാൽ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുന്നതിനായി ഷൈമോൾ ഹൈക്കോടതിയെ സമീപിച്ചു. നിയമപോരാട്ടത്തിനൊടുവിൽ കോടതി ഇടപെടലിലൂടെ ലഭിച്ച ദൃശ്യങ്ങളിൽ സിഐയുടെ മർദനം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇതോടെ പൊലീസിൻ്റെ വ്യാജ വാദങ്ങൾ പൊളിയുകയായിരുന്നു.

സംഭവം വിവാദമായതോടെ ഡിജിപിയോട് റിപ്പോർട്ട് തേടിയ മുഖ്യമന്ത്രി, കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശിച്ചു. തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സസ്പെൻഷൻ ഉത്തരവിറക്കി. അതേസമയം, ഉദ്യോഗസ്ഥനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News