പിടിച്ചെടുത്ത വെനിസ്വേലൻ എണ്ണ യുഎസ് കൈവശം വയ്ക്കും: കടുത്ത നിലപാടുമായി ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ:
വെനിസ്വേലയിൽ നിന്ന് പിടിച്ചെടുത്ത ക്രൂഡ് ഓയിൽ അമേരിക്കയുടെ നിയന്ത്രണത്തിൽ തന്നെ നിലനിർത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. പിടിച്ചെടുത്ത എണ്ണ തിരികെ നൽകില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, വെനിസ്വേലയിലെ കാരാക്കസ് ഭരണകൂടത്തോടുള്ള കടുത്ത നിലപാടാണ് ഇതിലൂടെ സൂചിപ്പിച്ചത്.
തിങ്കളാഴ്ച മാർ-എ-ലാഗോയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. പിടിച്ചെടുത്ത എണ്ണ എന്തുചെയ്യാനാണ് ഭരണകൂടം ഉദ്ദേശിക്കുന്നത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “അത് ഞങ്ങൾ തന്നെ സൂക്ഷിക്കും” എന്ന് അദ്ദേഹം മറുപടി നൽകി. ഇതോടെ യുഎസ് അധികൃതർ പിടിച്ചെടുത്ത എണ്ണ വെനിസ്വേലയ്ക്ക് വിട്ടുനൽകില്ലെന്ന് ഉറപ്പായി.
ഈ എണ്ണ വിൽക്കണമോ അതോ ആഭ്യന്തര ആവശ്യങ്ങൾക്കായി ഉപയോഗിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. എങ്കിലും, ഈ ഷിപ്പിന്മേലുള്ള പൂർണ്ണ നിയന്ത്രണം വാഷിംഗ്ടൺ നിലനിർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. പിടിച്ചെടുത്ത എണ്ണ വിൽക്കുന്നതോ അല്ലെങ്കിൽ അമേരിക്കയുടെ തന്ത്രപ്രധാനമായ കരുതൽ ശേഖരത്തിൽ (Strategic Reserves) ഉൾപ്പെടുത്തുന്നതോ ഉൾപ്പെടെയുള്ള വിവിധ ഓപ്ഷനുകളാണ് അമേരിക്ക ഇപ്പോൾ പരിഗണിക്കുന്നത്.
