കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു; വിടവാങ്ങിയത് പ്രമുഖ സിപിഎം നേതാവ്
കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും പ്രമുഖ സിപിഎം നേതാവുമായ കാനത്തിൽ ജമീല (59) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആറുമാസമായി വിശ്രമത്തിലായിരുന്ന കാനത്തിൽ ജമീലയുടെ വിയോഗം രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടമായി.
ദീർഘകാലത്തെ പൊതുപ്രവർത്തനം:
- 1995-ൽ തലക്കുളത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാനത്തിൽ ജമീല, 2005-ൽ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി.
- തുടർന്ന് 2010, 2020 വർഷങ്ങളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി അലങ്കരിച്ചു. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലത്തിൽ നിന്ന് മത്സരിച്ച് 8472 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് അവർ നിയമസഭയിലേക്ക് എത്തിയത്. വിജയിച്ചതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.
- 2017 മുതൽ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ഭാരവാഹി എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
മൃതദേഹം ചൊവ്വാഴ്ച (ഡിസംബർ 2) സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും കൊയിലാണ്ടിയിലും പൊതുദർശനത്തിനു വയ്ക്കും. വിദേശത്തുള്ള മകൻ എത്തിയ ശേഷം ഡിസംബർ രണ്ടിന് അത്തോളി കുനിയിൽ കടവ് ജുമാ മസ്ജിദിൽ ഖബറടക്കം നടക്കുമെന്നാണ് റിപ്പോർട്ട്.
കുറ്റ്യാടി നടുവിലക്കണ്ടി വീട്ടിൽ പരേതരായ ടി കെ ആലിയുടേയും മറിയത്തിന്റെയും മകളാണ്. അത്തോളി ചോയികുളം സ്വദേശിനിയാണ്. ഭര്‍ത്താവ്: കാനത്തിൽ അബ്ദുറഹ്‌മാൻ, മക്കൾ: അയ്റീജ് റഹ്‌മാൻ, അനൂജ.
Tags: MLA Death, Kanathil Jameela, Kerala Politics
