ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞതിൽ പരിഭ്രാന്തി
മംഗലപുരം:
കഴക്കൂട്ടത്തിനു സമീപം മംഗലപുരത്ത് ഗ്യാസ് ടാങ്കർ ലോറി തെന്നിമറിഞ്ഞു. അഗ്നിശമനസേനയും പൊലീസും ഓയിൽ കോർപ്പറേഷന്റെ ഉദ്യോഗസ്ഥരും ഉൾപ്പെടെ ഒരുപകലും രാത്രിയും പരിശ്രമിച്ച് മറിഞ്ഞടാങ്കറിൽനിന്ന് മറ്റ് ടാങ്കറുകളിലേക്ക് പാചകവാതകം മാറ്റി വൻദുരന്തം ഒഴിവാക്കി. ഞായർ പുലർച്ചെ 4.30 ന് മംഗലപുരം കുറക്കോട് പമ്പിനു സമീപമാണ് അപകടം. കൊച്ചിയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പാചകവാതകവുമായി പോയ ടാങ്കർ വഴിതെറ്റി ദേശീയ പാതയിൽ നിന്നുമാറി സർവീസ് റോഡിലേക്ക് പ്രവേശിച്ചതാണ് അപകടത്തിന് കാരണം. ദേശീയപാത വീതികൂട്ടൽ നടക്കുന്നതിനാൽ സർവീസ് റോഡിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. തലസ്ഥാനത്ത് രാത്രി ശക്തമായ മഴ പെയ്തതിനാൽ സർവീസ് റോഡിലുണ്ടായ മണ്ണിൽ പുതഞ്ഞ് ടാങ്കർ തെന്നി മറിയുകയായിരുന്നു. 18 ടൺപാചകവാതകമുള്ള ടാങ്കർ ഉയർത്തുന്നത് അപകടമായതിനാൽ പൊലീസ് ഗതാഗതം നിയന്ത്രിച്ചു. ഇന്നലെ രാത്രി. 10.15 ഓടെ ക്രെയിൻ ഉപയോഗിച്ച് ടാങ്കർ പ്ലാന്റിലേക്ക് മാറ്റി.