ഹജ്ജ് തീർഥാടനത്തിന് തുടക്കം

കരിപ്പൂർ:
കേരളത്തിൽ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് തുടക്കം. 80 സ്ത്രീകൾ ഉൾപ്പെടെ 166 തീർഥാടകരുൾപ്പെട്ട ആദ്യസംഘം തിങ്കളാഴ്ച രാത്രി 12.05 ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ എക്സ് 3011 നമ്പർ വിമാനത്തിൽ പുറപ്പെട്ടു. ചൊവ്വാഴ്ച രാവിലെ എട്ടിനും പകൽ മൂന്നിനും രണ്ടാമത്തെയും, മൂന്നാമത്തെയും വിമാനങ്ങൾ 166വീതം യാത്രക്കാരുമായി തിരിക്കും. ആകെ 498 തീർഥാടകരാണ് ആദ്യ ദിവസം കരിപ്പൂരിൽ നിന്ന് യാത്രയാകുന്നത്. കൊച്ചിയിൽ നിന്നുള്ള ആദ്യഹജ്ജ് വിമാനം മേയ് 26ന് പുറപ്പെടും. ജൂൺ ഒന്നിന് കണ്ണൂരിൽ നിന്ന് യാത്ര തുടങ്ങും. സൗദി അറേബ്യൻ എയർലൈൻസാണ് ഈ രണ്ട് കേന്ദ്രങ്ങളിൽ നിന്നും സർവീസ് നടത്തുന്നത്.