മൺസൂൺ മഴയിൽ മരണം പതിനൊന്നായി

ന്യൂഡൽഹി:
ഉഷ്ണ തരംഗത്തിന് പിന്നാലെയെത്തിയ മൺസൂൺ മഴയിൽ വിറങ്ങലിച്ച് ഉത്തരേന്ത്യ. ഡൽഹി, ഉത്തരാഖണ്ഡ്, ഗുജറാത്ത്, പശ്ചിമ ബംഗാൾ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാനടക്കമുള്ള സംസ്ഥാനങ്ങളിലെല്ലാം ശക്തമായ മഴയാണ്. ഡൽഹിയിൽ മഴക്കെടുതിയിൽ 11 പേർ മരിച്ചു.വാഹന യാത്രക്കാരായ നാലു പേർ അടിപ്പാതയിലെ വെള്ളക്കെട്ടിലാണ് മുങ്ങിമരിച്ചത്. വസന്ത് വിഹാറിൽ നിർമാണം നടക്കുന്ന സ്ഥലത്തെ മതിൽ തകർന്ന് 4 തൊഴിലാളികൾ മരിച്ചു. തീർഥാടനകേന്ദ്രമായ ഹരിദ്വാറിലെ വെള്ളക്കെട്ടിൽ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ശനിയാഴ്ച കിഴക്കൻ ലഡാക്കിലെ ഷ്യോക്ക് നദിയിലുണ്ടായ ഉരുൾ പൊട്ടലിൽ ടാങ്ക് ഒഴുകിപ്പോയി അഞ്ച് സൈനികർ മരിച്ചിരുന്നു.